ക്രിസ്മസ് പ്രാര്‍ത്ഥന തടയാന്‍ പള്ളിക്ക് മുന്നില്‍ ജയ്ശ്രീറാം മുഴക്കി ഹിന്ദുത്വ ശക്തികള്‍; കിന്റര്‍ഗാര്‍ട്ടന്‍ കുഞ്ഞുങ്ങള്‍ക്കും ഭീഷണി; ക്രൈസ്തവവേട്ട നിര്‍ബാധം

പ്രധാനമന്ത്രി നരേന്ദ്രമോദി അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ഒരുക്കിയ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തെങ്കിലും സംഘപരിവാര്‍ സംഘടനകള്‍ ക്രൈസ്തവര്‍ക്കെതിരായി നടത്തുന്ന അക്രമങ്ങള്‍ നിര്‍ബാധം തുടരുകയാണ്. അഹമ്മദാബാദിലെ ബാപ്പുനഗറില്‍ കുഞ്ഞുങ്ങള്‍ പഠിക്കുന്ന കിന്റര്‍ഗാര്‍ട്ടനില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി ഒഴിവാക്കി. ലക്‌നൗവിലെ പുരാതനമായ കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലമാക്കും വിധത്തില്‍ ദേവാലയത്തിന് പുറത്ത് ഹരേ രാമ വിളിച്ച് ഒരു സംഘം ഹിന്ദുത്വ ശക്തികള്‍ കോലാഹ ലമുണ്ടാക്കി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ദിനത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി വ്യാപക അതിക്രമങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്ത് തലസ്ഥാനമായ അഹമ്മദബാദിലെ ബാപ്പുനഗറിലെ സൗത്ത് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗത്തില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ചത്. അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്‌കൂളില്‍ കയറിയാണ് അതിക്രമവും ഭീഷണിയും നടത്തിയത്. വിഎച്ച്പി പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് സ്‌കൂളില്‍ അലങ്കരിച്ചിരുന്ന ക്രിസ്മസ് സ്റ്റാറുകളും ക്രിസ്മസ് ട്രീകളും മറ്റും ജീവനക്കാര്‍ നീക്കം ചെയ്തു.

ലക്‌നൗ നഗരത്തില്‍ രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന ആരാധനയ്ക്ക് ഭംഗം വരുത്തും വിധം പള്ളിക്ക് പുറത്ത് ഒരു സംഘം ആള്‍ക്കാര്‍ ഹരേ കൃഷ്ണ, ഹരേ റാം എന്ന് ആര്‍ത്തട്ടഹസിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പള്ളിയിലെ ആരാധനയില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ ഇത്തരത്തില്‍ പെരുമാറിയത്. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി ഹിന്ദുത്വ ശക്തികള്‍ അഴിച്ചു വിടുന്ന അസഹിഷ്ണുതയുടെ തെളിവുകളാണിതെല്ലാം. സംഘടിതമായ വിധത്തിലാണ് ഹിന്ദുത്വ ശക്തികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി അക്രമങ്ങള്‍ നടത്തുന്നത്.

ക്രിസ്മസ് ദിനത്തില്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തി ചടങ്ങുകള്‍ തടസ്സപ്പെടുത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top