ബിജെപിയുടെ ക്രിസ്മസ് ആശംസ; മുഴുവന്‍ ക്രിസ്ത്യന്‍ വീടുകളിലും ബിജെപിക്കാരെത്തും; ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ ശ്രമം വീണ്ടും
കോട്ടയം: മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ അകന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളെ അടുപ്പിക്കാന്‍ ക്രിസ്മസ് കാലത്ത് ബിജെപിയുടെ നീക്കം. കേരളത്തിലെ മുഴുവന്‍ ക്രിസ്ത്യന്‍ ഭവനങ്ങളിലേക്കും ആശംസകളുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തും. ഡിസംബർ 20 നും 30 നും സ്നേഹയാത്ര എന്ന പേരിലാണ് ഈ സന്ദർശനം. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് സ്നേഹയാത്ര ഒരുക്കുന്നത്. ഇന്ന് കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിന്റെതാണ് തീരുമാനം.
‘കഴിഞ്ഞ ക്രിസ്മസ് സമയത്ത് പുരോഹിതന്മാരുടെ അടുത്തും ഇടവകകളിലുമാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ഇക്കുറി ക്രിസ്തീയ വീടുകളിലേക്ക് നേരിട്ട് പോവുകയാണ് ചെയ്യുന്നത്-ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
എല്ലാ ജില്ലകളിലും ഈ മാസം എന്‍ഡിഎ കണ്‍വന്‍ഷന്‍ പൂര്‍ത്തിയാക്കും. ജനുവരിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്ര നടത്തും. 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന പദയാത്രയില്‍ ഓരോ ദിവസവും 25000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. എന്‍ഡിഎയുടെ നേതൃത്വത്തിലാകും പദയാത്ര. മധ്യപ്രദേശ്-രാജസ്ഥാന്‍-ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ജയം നേടിയ ആത്മവിശ്വാസത്തിലാണ് കേരളത്തിലും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്.
ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ഒട്ടനവധി പദ്ധതികള്‍ ബിജെപി സംസ്ഥാന ഘടകം ആവിഷ്ക്കരിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. റബറിന് താങ്ങുവില 300 രൂപയാക്കുമെങ്കില്‍ കേരളത്തിലെ ബിജെപിക്ക് എംപിമാരെ ലഭിക്കുമെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ പ്രഖ്യാപനം ബിജെപിക്ക് പ്രതീക്ഷ പകർന്നു. എന്നാൽ പിന്നാലെയുണ്ടായ മണിപ്പൂര്‍ കലാപങ്ങൾ എല്ലാ പ്രതീക്ഷകളുടെയും ചിറകൊടിച്ചു. ഈ മുറിവുകൾ വീണ്ടും ഉണക്കിയെടുക്കാനുള്ള അവസരമായി ക്രിസ്മസ് കാലത്തെ കാണുകയാണ് കേരളത്തിലെ ബിജെപി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here