ഇതാ ഒരേ കടയില്‍ പ്രീണനവും പ്രതികാരവും; ഈസ്റ്റര്‍ ദിനത്തില്‍ ഗുജറാത്തിലെ പള്ളിയില്‍ സംഘപരിവാര്‍ അക്രമം, കേരളത്തില്‍ ക്രിസ്ത്യാനികള്‍ക്കൊപ്പം ആഘോഷം

ഒരേ സമയം വില്ലന്റേയും രക്ഷകന്റേയും റോളില്‍ സംഘപരിവാര്‍ സംഘടനകള്‍. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ ക്രൈസ്തവ ദേവാലയത്തില്‍ ആരാധനക്കെത്തിയ വിശ്വാസികളെ വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. കേരളത്തില്‍ ഈസ്റ്റര്‍ ആഘോഷത്തില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കയും ചെയ്തു.
ഉയര്‍പ്പു പെരുനാളിന്റെ ആരാധനകള്‍ നടക്കുന്നതിനിടെ അഹമ്മദാബാദിനടുത്ത് ഉധാവ് ഗ്രാമത്തിലെ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളുമായി ഇരച്ചു കയറിയ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ വിശ്വാസികളെ തല്ലിയോടിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ ആ സമയത്ത് ദേവാലയത്തിലുണ്ടായിരുന്നു. ഹിന്ദുക്കള്‍ പുറത്തേക്കിറങ്ങണമെന്ന് ആക്രോശിച്ചു കൊണ്ടാണ് അക്രമം അഴിച്ചു വിട്ടത്. വാളും വടികളുമായാണ് ശുശ്രൂഷകള്‍ നടന്ന പള്ളിക്കുള്ളിലേക്ക് കടന്ന് ഭീഷണിപ്പെടുത്തിയത്.
അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ദൃശ്യങ്ങള്‍ പങ്കുവെക്കുകയും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും , ജോര്‍ജ്കുര്യനും, രാജീവ് ചന്ദ്രശേഖറും ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ ഒരക്ഷരം മിണ്ടില്ലെന്ന് കുറിപ്പിടുകയും ചെയ്തിട്ടുണ്ട്. അക്രമത്തിന് ഉത്തരവാദികള്‍ക്കെതിരെ പോലീസ് കേസൊന്നും ചാര്‍ജ് ചെയ്തിട്ടില്ല.
പീഡാനുഭവ ആഴ്ചയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായ അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓശാന ഞായറാഴ്ച ഡല്‍ഹിയില്‍ സാധാരണയായി നടന്നു വന്നിരുന്ന കുരിശിന്റെ വഴി ചടങ്ങിന് പോലീസ് അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. ക്രമസമാധാനപാലനം, സുരക്ഷ, ഗതാഗതം എന്നീ വിഷയങ്ങളാണ് അനുമതിനിഷേധത്തിനു കാരണം. അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് വിശ്വാസികള്‍ ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയങ്കണത്തില്‍ കുരിശിന്റെ വഴി പ്രദക്ഷിണം നടത്തി.
ഈ മാസം ഒന്നിനാണ് സിറോ മലബാര്‍ സഭയില്‍ പ്പെട്ട രണ്ട് വൈദികരടക്കം നിരവധി വിശ്വാസികളെ ബിജെപി ഭരിക്കുന്ന മധ്യ പ്രദേശിലെ ജബല്‍പൂരില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അതിക്രൂരമായി തല്ലിച്ചതച്ചത്. പാര്‍ലമെന്റിലടക്കം ചര്‍ച്ചയായതിനെ തുടര്‍ന്ന് കേസെടുത്തെങ്കിലും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. ക്രൈസ്തവര്‍ക്കു നേരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമമുണ്ടായാല്‍ നീതിപൂര്‍വകമായ സംരക്ഷണം പോലും പോലീസിന്റെ ഭാഗത്തു നിന്ന് ലഭിക്കാറില്ല.
ഓശാന ദിനത്തില്‍ ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍പ്പെട്ട കാരി ഗുണ്ടം ഗ്രാമത്തിലെ ക്രിസ്ത്യാനികളായ 13 കുടുംബങ്ങളെ ഹിന്ദുത്വ സംഘടനയില്‍പ്പെട്ടവര്‍ ഭീഷണിപ്പെടുത്തി ഹിന്ദുമതത്തിലേക്ക് മാറ്റി. ആറ് കുടുംബങ്ങള്‍ ഭീഷണിക്ക് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ വേട്ട നടക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ബിജെപിയാണ് ഇവിടെ ഭരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here