വീഞ്ഞും കേക്കും പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ; രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല; മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് കെസിബിസി

കൊച്ചി: ബിഷപ്പുമാർക്കെതിരേയുള്ള വിവാദമായ വീഞ്ഞും കേക്കും പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ മന്ത്രി നടത്തിയ പരാമര്‍ശം വന്‍ വിവാദമായതോടെയാണ് പിൻവലിച്ചത്. കേക്കിന്റെയും വീഞ്ഞിന്റെയും കാര്യത്തിൽ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കിൽ ആ ഭാഗങ്ങൾ പിൻവലിക്കുന്നു. എന്നാൽ മണിപ്പൂർ പ്രശ്നത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിവാദ പരാമര്‍ശം പിന്‍വലിക്കാതെ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് പരസ്യ നിലപാടെടുത്ത കെസിബിസിയും അയഞ്ഞിട്ടുണ്ട്. സജി ചെറിയാന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും വിവാദം ഒഴിവാക്കാമായിരുന്നു എന്നുമാണ് കെസിബിസി അധ്യക്ഷന്‍ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രതികരിച്ചത്. “ചില ബിഷപ്പുമാര്‍ക്ക് ബിജെപി നേതാക്കള്‍ വിളിച്ചാല്‍ പ്രത്യേക രോമാഞ്ചമാണ്. പ്രധാനമന്ത്രിയെ കാണാന്‍പോയ ആളുകള്‍ക്കാര്‍ക്കും മണിപൂരിനെപ്പറ്റി പറയാനുള്ള ആര്‍ജവമില്ല. അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ വിഷയം മറന്നു. വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവസഭാ നേതാക്കള്‍ക്ക് മണിപ്പൂര്‍ ഒരു വിഷയമായില്ല.” ഇതാണ് ഞായറാഴ്ച സി പി എം പുന്നപ്ര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോള്‍ മന്ത്രി പറഞ്ഞത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്, ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. “700ഓളം ആക്രമണങ്ങളാണ് കഴിഞ്ഞ വർഷം സംഭവിച്ചത്. ഇതില്‍ 287 എണ്ണം ഉത്തര്‍പ്രദേശിലാണ്. 148 ഛത്തീസ്ഗഡിലും 49 ജാര്‍ഖണ്ഡിലും 47 എണ്ണം ഹരിയാനയിലുമാണ്. ഇതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2014 ല്‍ രാജ്യത്ത് ആകെ 140 അക്രമസംഭവങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായി. കേന്ദ്രത്തില്‍ ബിജെപി ഭരിച്ച കഴിഞ്ഞ 9 വര്‍ഷം ഈ കണക്കുകള്‍ കുത്തനെ കൂടുകയാണ് ചെയ്തത്. രാജ്യാന്തര ക്രിസ്ത്യന്‍ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യന്‍ വിഭാഗത്തിന് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്.

മണിപ്പൂർ കലാപബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദര്‍ശിച്ചില്ല. പാർലമെന്റിൽ പ്രസ്താവന നടത്തുകയും ചെയ്തിട്ടില്ല. കലാപം തടയുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. 200ലേറെപ്പേർ കൊല്ലപ്പെട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും സംഘർഷം തുടരുകയാണ്. കേന്ദ്രത്തിന്റെയും സംഘപരിവാറിന്റെയും സഹായത്തോടെയാണ് ഇതെല്ലാം നടക്കുന്നത്. ഇതിനെതിരെ ഒന്നിച്ചു പ്രതികരിക്കണമെന്നാണ് പുന്നപ്രയിലെ പ്രസംഗത്തിൽ പറഞ്ഞത്”- മന്ത്രി വിശദീകരിച്ചു. അതേസമയം പാർട്ടി നേതൃത്വത്തിൽ നിന്നുളള കർശന നിർദേശം ലഭിച്ചതോടെയാണ് തിരുത്താൻ സജി ചെറിയാൻ തയ്യാറായത് എന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top