പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിന് എതിരെ ഹൈക്കോടതി; ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടി
ഓര്‍ത്തോഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും പള്ളികള്‍ ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ന്യായമായ കാരണങ്ങള്‍ ഇല്ലെങ്കില്‍ ഇനി നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് നല്‍കില്ലെന്നും കോടതി പറഞ്ഞു. കോടതി നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങും എന്നും ഹൈക്കോടതി വ്യക്തമാക്കി.
എറണാകുളം-പാലക്കാട് ജില്ലകളിലെ ആറു പള്ളികള്‍ ഏറ്റെടുക്കണം എന്നായിരുന്നു സര്‍ക്കാരിന് ഹൈക്കോടതി നല്കിയ നിര്‍ദേശം. ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെട്ടാണ് ഹൈക്കോടതി വിമര്‍ശനം. ഈ ഹര്‍ജിയില്‍ കോടതിയലക്ഷ്യ നടപടി തുടങ്ങും എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ജില്ലാ കളക്ടര്‍മാര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ മുന്‍ ചീഫ് സെക്രട്ടറി വി.വേണു ഹാജരായില്ല. അദ്ദേഹം കേസില്‍ എതിര് കക്ഷിയാണ്. കൃത്യമായ കാരണം പറഞ്ഞാല്‍ മാത്രമേ വേണുവിനു ഹാജരാകുന്നതില്‍ നിന്നും ഇളവ് അനുവദിക്കാന്‍ കഴിയൂ എന്നാണ് കോടതി വ്യക്തമാക്കിയത്.
ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി ഓർത്തഡോക്സ് പക്ഷത്തിന് അനുകൂലമാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ കേസുകള്‍ സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ നടക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here