വൈദികനെ ഊരുവിലക്കി താമരശ്ശേരി ബിഷപ്പ്; കുര്‍ബാന പാടില്ല, സഞ്ചാര സ്വാതന്ത്ര്യത്തിനും വിലക്ക്; പേടിക്കില്ലെന്ന് പുരോഹിതന്‍
കോഴിക്കോട് : സിറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപത വൈദികനായ ഫാ. അജി പുതിയാപറമ്പിലിനെതിരെ ഊരുവിലക്കുമായി സഭാ നേതൃത്വം. കേട്ട് കേള്‍വിയില്ലാത്ത വിധത്തിലുള്ള നിരോധനങ്ങളും വിലക്കുകളുമാണ് രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഈ മാസം പത്തിന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. വ്യക്തിയെന്ന നിലയില്‍ ഫാ. അജി പുതിയാപറമ്പലിന്റെ പൊതുജീവിതവും സഞ്ചാര സ്വതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സമ്പൂര്‍ണ്ണമായി വിലക്കുകയും നിയന്ത്രിക്കുകയും ചെയ്തു കൊണ്ടുളള വിചിത്രമായ ഉത്തരവാണ് രൂപതധ്യക്ഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
വൈദികനെന്ന നിലയില്‍ അനുഷ്ഠിച്ചിരുന്ന അവകാശങ്ങള്‍ക്കും സേവനങ്ങള്‍ക്കും കടുത്ത നിയന്ത്രണവും വിലക്കുമാണ് ഉത്തരവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരസ്യമായ കുര്‍ബാന സ്വീകരണം പാടില്ല, ഒരാളുടെ മരണ സമയത്തല്ലാതെ, മറ്റാരെയും കുമ്പസാരിപ്പിക്കാന്‍ പാടില്ല, കോഴിക്കോട് വെള്ളിമാട്കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ല, വെള്ളിമാട്കുന്നിലുള്ള വൈദിക മന്ദിരത്തിന് പുറത്ത് താമസിക്കാന്‍ പാടില്ല, പിതൃഭവനം, മത മേലധികാരി, കാനന്‍ നിയമ പണ്ഡിതന്‍ എന്നിവരെ മാത്രമേ സന്ദര്‍ശിക്കാന്‍ പാടുള്ളൂ, മറ്റാരെയെങ്കിലും സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണം, സാമൂഹ്യ മാധ്യമങ്ങളില്‍ യാതൊന്നും എഴുതാന്‍ പാടില്ല, ടി.വി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്, മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കരുത്, പൊതു മീറ്റിങ്ങുകളില്‍ പങ്കെടുക്കരുത്, പൊതുവേദികളില്‍ പ്രസംഗിക്കരുത് തുടങ്ങിയവയാണ് ബിഷപ്പ് ഏര്‍പ്പെര്‍ത്തിയിരിക്കുന്ന പ്രധാനപ്പെട്ട വിലക്കുകള്‍. ഈ വിലക്കുകള്‍ക്കെതിരേ സഭയുടെ ഉപരിഘടകങ്ങളില്‍ അപ്പീല്‍ നല്കാന്‍ സാധ്യമല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വ്യക്തമായ നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്തെ പൗരനോടാണ് നീതി നിഷേധത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ പാടില്ലെന്ന് മതമേലധ്യക്ഷന്‍ തിട്ടൂരം ഇറക്കിയിരിക്കുന്നത്. സഭയുടെ മറ്റ് മേലധികാരികള്‍ക്ക് ഇത് സംബന്ധിച്ച് അപ്പീല്‍ നല്‍കുമെന്നും കടുത്ത സുരക്ഷാ ഭീഷണി നേരിടുന്നതു കൊണ്ട് കോഴിക്കോട് വെള്ളിമാട്കുന്നിലുള്ള വൈദിക മന്ദിരത്തിലേക്ക് മാറി താമസിക്കാന്‍ സാധ്യമല്ലെന്ന് ബിഷപ്പിനെ അറിയിച്ചതായി ഫാ. അജി പുതിയാപറമ്പില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ക്രിസ്തുവിനെ പിന്‍തുടരുന്ന വൈദികനെന്ന നിലയില്‍ പീഡനങ്ങളും ഒറ്റപ്പെടുത്തലുകളും സ്വാഭാവികമാണ്. ക്രിസ്തുവിന്റെ വചനങ്ങളില്‍ വിശ്വസിച്ച് നിര്‍ഭയമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. അജി പുതിയാപറമ്പിലിന്റെ സഭാ വിരുദ്ധ നടപടികളിന്മേല്‍ കുറ്റവിചാരണ നടത്താന്‍ മതകോടതി സ്ഥാപിച്ചുകൊണ്ട് രൂപത ബിഷപ്പ് സെപ്റ്റംബര്‍ 21ന് ഉത്തരവിറക്കിയിരുന്നു. മാധ്യമ സിന്‍ഡിക്കറ്റാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു എന്നതായിരുന്നു പ്രധാനമായ കുറ്റം. ആധുനിക കാലത്തെ ക്രൈസ്തവ സഭകളില്‍ കേട്ടുകേഴ്വില്ലാത്ത തരത്തിലുള്ള മതകോടതി സ്ഥാപിച്ചാണ് വൈദികനെതിരെ കുറ്റവിചാരണ നടത്താന്‍ തീരുമാനമായത്. ദീപിക ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷന്‍. ഫാ. ജയിംസ് കല്ലിങ്കല്‍ ,ഫാ. ആന്റണി വരകില്‍ എന്നിവരാണ് സഹ ജഡ്ജിമാര്‍.
ഫാ. അജി പുതിയാപറമ്പില്‍ സഭക്ക് അവമതിപ്പും അപമാനവും ഉണ്ടാക്കിയതിന്റെ പേരിലാണ് കുറ്റവിചാരണ കോടതി സ്ഥാപിച്ചത് എന്നാണ് ബിഷപ്പിന്റെ സെപ്തംബര്‍ 21ലെ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇക്കഴിഞ്ഞ മെയ് 13ന് കോഴിക്കോട് മുക്കം പള്ളിയിലെ വികാരിയായിരിക്കുന്ന സമയത്ത് കത്തോലിക്കാ സഭയില്‍ നടക്കുന്ന നെറികേടുകള്‍ക്കെതിരെ ഇദ്ദേഹം ചില ശക്തമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. സഭക്കുള്ളിലെ അധികാര വടംവലി മുറുകിയതും കര്‍ദിനാള്‍ പോലും കോടതി കയറി ഇറങ്ങുന്നതും സഭയിലെ ജീര്‍ണതയുടെ തെളിവാണെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശത്തില്‍ പറഞ്ഞിരുന്നു.
”ക്രിസ്തുവിന്റെ വഴിയില്‍ നിന്നും വളരെ അകലെയാണ് ഇന്നത്തെ സഭാ നേതൃത്വം സഞ്ചരിക്കുന്നത്. മനുഷ്യന്‍ കണ്ടു പിടിച്ച ആരാധനാ നിയമങ്ങള്‍ക്കാണ് ദൈവത്തിന്റെ നിയമങ്ങളായ സ്‌നേഹം കാരുണ്യം എന്നിവയേക്കാള്‍ പ്രാധാന്യം കൊടുക്കുന്നത്. ഇതിന്റെ പേരില്‍ ഒരു പള്ളി അടച്ചു പൂട്ടിയിട്ട് നാല് മാസം കഴിഞ്ഞിരിക്കുന്നു. സഭാമക്കള്‍ സൈബര്‍ ഇടത്തില്‍ പരസ്പരം പോരടിക്കുന്നു. താല്ക്കാലിക ലാഭങ്ങള്‍ക്ക് വേണ്ടി സമൂഹത്തില്‍ വെറുപ്പ് വിതയ്ക്കുന്നു. സഭാപിതാക്കന്‍മാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാവുന്നു. രാഷ്ട്രീയമായി അവസരത്തിനൊത്ത് അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നു. വിലപേശുന്നു. ഇവയൊന്നും ക്രിസ്തുവിന്റെ രീതിയല്ല. സഭയിലെ സാധാരണക്കാരായ വിശ്വാസികളും സന്യസ്തരും ഒരുപാട് വൈദീകരും ദുഖിതരാണ്.ഭയം മൂലം ആരും ഒന്നും പറയുന്നില്ല എന്നേയുള്ളു. സഭയില്‍ വിശുദ്ധരായ ധാരാളം പേരുണ്ട്. അവരെല്ലാം ഇന്ന് നിശബ്ദരാണ്. സത്യം വിളിച്ചു പറഞ്ഞ ജസ്റ്റിസ് കുര്യന്‍ ജോസഫ് എങ്ങനെയാണ് ആക്രമിക്കപ്പെട്ടത് എന്ന് കേരളം കണ്ടതാണ്.”- സഭാ നേതൃത്വത്തിനെതിരെ നടത്തിയ അതിരൂക്ഷമായ വിമര്‍ശനത്തിനൊടുവിലാണ് താന്‍ ശുശ്രൂഷാദൗത്യം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. 20 വര്‍ഷമായി സിറോ മലബാര്‍ കത്തോലിക്ക സഭയിലെ വൈദീകനാണ് ഫാ. അജി പുതിയാപറമ്പില്‍.
വ്യക്തിയുടെ പൊതുജീവിതത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും അടക്കം വിലക്കിക്കൊണ്ടുള്ള ബിഷപ്പിന്റെ നിലപാടിനെതിരെ സിവില്‍ കോടതിയെ സമീപിക്കുമെന്ന് സഭാ സുതാര്യ സമിതി വക്താവ് റിജു കാഞ്ഞുക്കാരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഒരു കാരണവശാലും രൂപത ബിഷപ്പിന്റെ പ്രാകൃതമായ ഉത്തരവിനെ അംഗീകരിക്കാനവില്ലെന്നും ഇതിനെതിരെ ശക്തമായ പോരാട്ടം തന്നെ നടത്തുമെന്നും സഭാ സുതാര്യ സമിതി വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here