“കേരളത്തില്‍ ചര്‍ച്ചുകള്‍ കൂടുന്നു”; നടപടി വേണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്ത്; പുലിവാല് പിടിച്ച് തദ്ദേശവകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ‘ചര്‍ച്ചുകള്‍’ കൂടുന്നുവെന്നും അതിൽ അസ്വാഭാവികതയുണ്ടെന്നും കാണിച്ച് ഒരു കത്ത് കഴിഞ്ഞ മാസം അവസാനം ചീഫ് സെക്രട്ടറിക്ക് കിട്ടുന്നു. അയച്ചിരിക്കുന്നത് നീന മേനോൻ, സ്ഥലം ബംഗളൂരു. മറ്റു വിവരങ്ങളൊന്നും ഇല്ല. കത്തിൽ പറഞ്ഞിരിക്കുന്ന കാര്യത്തിന് എവിടെ നിന്ന് വിവരം കിട്ടിയെന്നോ, ഏത് കണക്കിൻ്റെ അടിസ്ഥാനത്തിൽ ആണെന്നോ ഒന്നും പറയുന്നില്ല. ഇത്തരം ഒരു വിഷയത്തിൽ എന്ത് നടപടി എടുക്കണം എന്നതിലും ഉദ്യോഗസ്ഥർക്ക് വ്യക്തത ഉണ്ടായില്ല. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, കത്ത് തദ്ദേശവകുപ്പിന് കൈമാറി. ഉചിതമായ നടപടി സ്വീകരിക്കാൻ ഉള്ള നിർദേശത്തോടെ നിർദേശിക്കുന്ന കത്ത് കിട്ടിയതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് തദ്ദേശഭരണ വകുപ്പ്.
പരാതി പരിശോധിച്ച ജോയിന്റ് ഡയറക്ടര്‍ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ പേരില്‍ നിര്‍ദ്ദേശം കത്തിന്റെ രൂപത്തില്‍ താഴേയ്ക്ക് കൈമാറി. ഈ മാസം 17 നാണ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ പേരില്‍ കത്ത് ഇറങ്ങിയത്. മുഴുവന്‍ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍മാര്‍ക്കും കത്ത് പോയതോടെ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചയായി. വിവാദവുമായി. മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ നിര്‍ദ്ദേശം പിന്‍വലിക്കാന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ രാജമാണിക്യം നിര്‍ദ്ദേശം നല്‍കി.
”ഇങ്ങനെ ഒരു കത്ത് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ പേരില്‍ ഞാന്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍ അത് പിന്‍വലിച്ച കാര്യം അറിയില്ല” ജോയിന്റ് ഡയറക്ടര്‍ ജോസ്നമോള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഓഫീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചത് ഇങ്ങനെ: ” ഉത്തരവല്ല കത്താണ് നല്‍കിയത്. മാധ്യമങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി. പള്ളികള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. പൊതുവായ കാര്യമായതിനാല്‍ പരാതി അന്വേഷിക്കേണ്ട കാര്യമില്ല”.
ജോയിന്റ് ഡയറക്ടര്‍ പുറപ്പെടുവിച്ച കത്തിന്റെ ഉള്ളടക്കം ഇങ്ങനെ:
”സംസ്ഥാനത്ത് വ്യാപകമായി ചര്‍ച്ചുകള്‍ നിര്‍മ്മിച്ച് വരുന്നത് സംസ്ഥാനത്തിന്റെ സ്വാഭാവിക അന്തരീക്ഷത്തില്‍ മാറ്റം വരുത്തുന്നതായും അതിനാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നീന മേനോന്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രസ്തുത നിവേദനം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സൂചനയുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്യുന്നു.”
പൊടുന്നനെ ഇത്തരം ഒരു പരാതി വന്നതിനെക്കുറിച്ചും കത്ത് ഇറങ്ങിയതിനെക്കുറിച്ചും പ്രാഥമിക പരിശോധന നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. പക്ഷെ ഒരു വിവരവും ലഭിച്ചതുമില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here