നെൻമാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹന് സസ്പെൻഷൻ; ഇരട്ടക്കൊലയ്ക്ക് മുമ്പ് പോലീസിന് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് തിരിച്ചടിയായി
നെന്മാറ ഇരട്ട കൊലപാതക കേസിൽ പോലീസിന് വീഴ്ച പറ്റിയതായി പാലക്കാട് എസ്പിയുടെ റിപ്പോർട്ടിന് പിന്നാലെ എസ്എച്ച്ഒ മഹേന്ദ്ര സിംഹന് സസ്പെൻഷൻ. പാലക്കാട് എസ്പി രാജേഷ് കുമാര്‍, എഡിജിപി മനോജ് എബ്രഹാമിന് കൈമാറിയ റിപ്പോർട്ട് പ്രകാരമാണ് നടപടി. ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും ഇയാൾ ഒരു മാസം നെന്മാറയിൽ താമസിച്ചുവെന്നുമാണ് എസ്പി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
നെൻമാറ പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണം കൊല്ലപ്പട്ടവരുടെ ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ചതോടെ ഇന്ന് രാവിലെയാണ് എഡിജിപി ജില്ലാ പോലീസ് മേധാവിയോട് വിശദീകരണം തേടിയത്. ഉത്തരമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. പാലക്കാട് എസ്പി നൽകിയ റിപ്പോർട്ട് ഇന്ന് തന്നെ എഡിജിപിക്ക് കൈമാറിയിരുന്നു. പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് സുധാകരൻ്റെ മകൾ അഖിലയും പ്രതികരിച്ചിരുന്നു. ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന എസ്എച്ച്ഒയുടെ വിശദീകരണം പൂർണമായും തള്ളിക്കൊണ്ടാണ് എസ്പി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പഞ്ചായത്തില്‍ പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെ ഒരു മാസത്തോളം ഇയാള്‍ വീട്ടില്‍ വന്ന് താമസിച്ച കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും പോലീസ് അവഗണിച്ചു. 2019ൽ നടന്ന സജിത കൊലപാതക കേസിലെ സാക്ഷികളായ സുധാകരനെയും കുടുംബത്തെയും കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി എന്ന പരാതി ലഭിച്ചിട്ടും ഈ വിവരം കോടതിയെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read: നെൻമാറയിൽ രണ്ട് ജീവൻ പൊലിയാൻ കാരണം പോലീസ്!! പാലക്കാട് എസ്പിയുടെ റിപ്പോർട്ട് എഡിജിപിക്ക്
അതേസമയം ഇരട്ടക്കൊല നടന്ന് ഒന്നര ദിവസം കഴിഞ്ഞിട്ടും ചെന്താമരയെ പോലീസിന് കണ്ടെത്താനായില്ല. സംസ്ഥാനത്ത് അകത്തും പുറത്തുമായി വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുകയാണ് എന്നാണ് പോലീസിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര, സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്.
2019 ഓഗസ്റ്റിലാണ് സജിത കൊല്ലപ്പെട്ടത്. ചെന്താമരയുടെ ഭാര്യ അയാളെ ഉപേക്ഷിക്കാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഈ കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണു പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here