നിയമസഭ നടക്കുമ്പോൾ പോലീസ് മാന്യമായി പെരുമാറാൻ കോഴിക്കോട് കമ്മിഷണറുടെ സർക്കുലർ; അല്ലാത്തപ്പോൾ എന്തുമാകാമെന്നോ; രാജ്പാൽ മീണയുടെ ഓഫീസിൻ്റെ കരുതൽ

“നിയമ സഭ സമ്മേളനം 10.06.2024 തിയ്യതി മുതൽ നടക്കുന്ന സാഹചര്യത്തിൽ എസ്എച്ച്ഓമാർ സ്റ്റേഷനിൽ അനാവശ്യമായി ആരെയും കസ്ററഡിയിൽ എടുക്കുവാൻ പാടില്ലാത്തതും പൊതുജനങ്ങളോടുള്ള സമീപനത്തിൽ സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ ഉള്ള പെരുമാറ്റം ഉണ്ടാകുവാൻ പാടില്ലാത്തതും കേസുകൾ കൈകാര്യം ചെയ്യുന്ന സമയം അതീവ ശ്രദ്ധ ചെലുത്തേണ്ടതുമാണ്. മേൽ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.” കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ നിന്ന് ‘ഫോർ കമ്മിഷണർ’ എന്നെഴുതി ഒപ്പിട്ട് ഔദ്യോഗികമായി തന്നെ ഇറക്കിയ സർക്കുലറിലെ വാചകങ്ങൾ ആണിത്.

നിയമസഭാ സമ്മേളനങ്ങൾ കൂടുമ്പോൾ സർക്കാർ വകുപ്പുകൾ ജാഗ്രത പാലിക്കാറുണ്ട്; പോലീസ് ഉദ്യോഗസ്ഥർ പ്രത്യേകിച്ചും. കാരണം സഭയിൽ പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങൾ ഉയരുകയും മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ മറുപടി പറയാൻ ബുദ്ധിമുട്ടാകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്താൽ, അതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥൻ്റെ ജോലി അപകടത്തിലാകും എന്നത് സാമാന്യമായി എല്ലാവർക്കും അറിയുന്ന കാര്യാണ്. പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗം എന്ന നിലയിൽ ഇത്തരം പരാതികൾ ഏറെയും ഉയരാറുള്ളത് പോലീസിനെതിരെ ആകും എന്നതിനാൽ അവർ ഈ കാലഘട്ടത്തിൽ കൂടുതൽ റിസ്കിലാകും. അതുകൊണ്ട് തന്നെ പ്രത്യേകം ശ്രദ്ധിക്കാനുള്ള നിർദേശങ്ങൾ ഈ ഘട്ടത്തിൽ ഉണ്ടാകാറുണ്ട്. എന്നാൽ ഇതുപോലെ വിവരക്കേട് രേഖായാക്കി അയക്കുന്ന പരിപാടി ആരും ചെയ്യാറില്ല.

ഇതിലെ സന്ദേശം അതീവ അപകടകരമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അടക്കം സമ്മതിക്കുന്നു. നിയമസഭ കൂടുമ്പോഴല്ലെങ്കിൽ എന്തുമാകാം, ആരെയും അനാവശ്യ കസ്റ്റഡിയിൽ വയ്ക്കാം, ആവശ്യമില്ലാതെ കേസുകൾ എടുക്കാം എന്നെല്ലാം വ്യാഖ്യാനിക്കാം എന്ന് മാത്രമല്ല, സാധാരണ നിലയ്ക്ക് ഇതെല്ലാമാണ് പോലീസിൽ നടക്കുന്നത് എന്ന ധാരണ പൊതുജനത്തിന് നൽകാനും ഇത് വഴിവയ്ക്കും. പ്രാഥമിക വീഴ്ച സിറ്റി പോലീസ് കമ്മിഷണർ രാജ്‌പാൽ മീണയുടേത് തന്നെയാണ്. ഇത്തരം നിർദേശങ്ങളിൽ ഒന്നും സ്വന്തമായി ഒപ്പിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കുന്ന രീതി അദ്ദേഹത്തിനില്ല. വീഴ്ച ഉണ്ടായാൽ താഴെത്തട്ടിലുള്ളവരുടെ മേൽ ചാരി രക്ഷപെടാം എന്നതാണ് സൗകര്യം. മാധ്യമ പ്രവർത്തകരുടെ അടക്കം ആരുടെയും ഫോണുകൾ അറ്റൻഡ് ചെയ്ത് ഏതെങ്കിലും ചോദ്യത്തിന് മറുപടി പറയുന്ന ശീലവുമില്ല. ഇതെല്ലാം അറിയാവുന്നത് കൊണ്ടാകാം കമ്മിഷണർ ഓഫീസിലെ ഏതോ ഉദ്യോഗസ്ഥർ ഈ നിർദേശം സ്വന്തം നിലയ്ക്ക് പുറത്തിറക്കിയത്. കമ്മിഷണർ വേണ്ടി എന്ന് എഴുതിയിട്ടുണ്ട് എങ്കിൽ പോലും രാജ്പാൽ മീണ അറിഞ്ഞോ എന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ വിവരം ആരായാൻ 949799698 എന്ന കമ്മിഷണറുടെ ഔദ്യോഗിക നമ്പറിൽ വിളിച്ചെങ്കിലും മീറ്റിങ്ങിലാണെന്ന മറുപടിയാണ് കിട്ടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top