നോക്കുകൂലി വിപ്ലവം മുറപോലെ; ചെറുകിട സംരംഭങ്ങള്‍ പൂട്ടിക്കുന്ന വ്യവസായ സൗഹൃദ കേരളം; ഇടപെടാതെ വ്യവസായ – തൊഴില്‍ വകുപ്പുകള്‍

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളത്തില്‍ നടമാടുന്ന നോക്കുകൂലിയുടെ പേരില്‍ നടക്കുന്ന അതിക്രമത്തെക്കുറിച്ച് കഴിഞ്ഞ മാസം 18ന് രാജ്യസഭയില്‍ പ്രസംഗിച്ചിരുന്നു. മന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് മൂന്നാഴ്ച തികയുന്നതിന് മുന്നേ പാലക്കാട് കുലപ്പുള്ളിയില്‍ ചുമട്ട് തൊഴിലാളി ഭീഷണി മൂലം ജയപ്രകാശ് എന്ന വ്യക്തിയുടെ സിമന്റ് കട പൂട്ടി. കേരളത്തിനെതിരെ മറ്റ് സംസ്ഥാനങ്ങളിലും വ്യവസായിക്കള്‍ക്കിടയിലും വ്യാപകമായി പ്രചരിക്കുന്ന ‘ട്രേഡ് യൂണിയന്‍ മിലിറ്റന്‍സി’ ഇല്ലാതാക്കാന്‍ ഒരു ശ്രമവും നടക്കുന്നില്ല എന്നാണ് പാലക്കാട്ടെ സംഭവം തെളിയിക്കുന്നത്. കോടികള്‍ മുടക്കി ഇന്‍വെസ്റ്റ് കേരള മോഡല്‍ മാമാങ്കം നടത്തിയാലൊന്നും നിക്ഷേപങ്ങള്‍ വരില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ നോക്കുകൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പരിഹാസം. അതിനര്‍ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ എന്നും ഇത്തരം കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത് എന്നും നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ വിമര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രി പറഞ്ഞതില്‍ നിന്ന് ഒരടി പോലും സംസ്ഥാനം മാറ്റിയിട്ടില്ലെന്നാണ് കുളപ്പുള്ളിയിലെ സിമന്റ് വ്യാപാരിക്ക് നേരിടേണ്ടി വന്ന അനുഭവം വ്യക്തമാക്കുന്നത്. കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂര്‍ണ്ണമായി കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്ന് പറയുകയായിരുന്നു ധനമന്ത്രി. അതിന് ഉദാഹരണമായിട്ടായിരുന്നു നോക്കുകൂലിയെക്കുറിച്ച് എടുത്ത് പറഞ്ഞത്.

ഈ വര്‍ഷമാദ്യം കൊച്ചിയില്‍ വ്യവസായികളെ ആകര്‍ഷിക്കാനായി നടത്തിയ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് നടത്തിയതിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പാണ് ഒട്ടേറെ തൊഴിലാളി സമര വാര്‍ത്തകള്‍ പുറത്തു വരുന്നത്. ‘കേരളത്തില്‍ നിക്ഷേപിക്കുക, നിങ്ങളുടെ വിജയം ഈ ആകര്‍ഷകമായ സംസ്ഥാനത്തിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന ആത്മാവുമായി ഇഴചേര്‍ന്ന ഒരു ഭാവി രൂപപ്പെടുത്തുക’. എന്നൊക്കെയാണ് സര്‍ക്കാരിന്റെ വാഗ്ദാനം. സര്‍ക്കാരിന്റെ വാക്കും പഴയ ചാക്കും ഒന്നുപോലെ എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.

ചെറുകിട വ്യാപാരി- വ്യവസായികള്‍ക്കും സ്വതന്ത്രമായി സംരഭങ്ങള്‍ തൊഴിലാളി ഭീഷണിമൂലം നടത്താനാവാത്ത സ്ഥിതി ഉണ്ടായാല്‍ വഴിപാട് പോലെ ചര്‍ച്ച നടത്തി പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കുളപ്പളളിയിലെ സിമന്റ് വ്യാപാരിയായ ജയപ്രകാശിന്റെ സിമന്റ് ഇറക്കാന്‍ യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലിയാണ് തൊഴിലാളി തര്‍ക്കം ഉടലെടുക്കുന്നത്. സിഐടിയു സംഘടനയില്‍പ്പെട്ട അഞ്ച് തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഷെഡ് കെട്ടി സമരം ആരംഭിച്ചത്. കടയുടമയ്ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും പോലീസ് ആ ഉത്തരവ് ഗൗരവത്തില്‍ എടുത്തില്ല. ഒരു തരത്തിലും കട നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് കട പൂട്ടാന്‍ ജയപ്രകാശ് തീരുമാനിച്ചത്. ഇത്തരം നിരവധി സംഭവങ്ങള്‍ ദിനംപ്രതി ഉണ്ടായാലും വ്യവസായ വകുപ്പോ രാഷ്ട്രീയ നേതൃത്വമോ ഇടപെടാറില്ല.

എന്നാല്‍ വന്‍കിട മുതലാളിമാരുടെ സംരഭങ്ങള്‍ക്ക് തടസമുണ്ടായാല്‍ ഭരണകര്‍ത്താക്കള്‍ ഉടന്‍ ഇടപെടുന്ന പതിവുണ്ട്. സംസ്ഥാനത്ത് വന്‍കിട നിക്ഷേപങ്ങളേക്കാള്‍ കൂടുതല്‍ സാധാരണക്കാരായ ചെറുകിട സംരഭകരാണ്. അവരെ ഭീഷണിപ്പെടുത്തി സംരഭങ്ങള്‍ പൂട്ടിച്ചാലും ആരും തിരിഞ്ഞു നോക്കാറില്ല. ജയപ്രകാശിന്റെ സിമന്റ് കട പൂട്ടിയ വാര്‍ത്ത പുറത്തുവന്നിട്ടും വ്യവസായ മന്ത്രിയോ തൊഴില്‍ മന്ത്രിയോ പ്രശ്‌നത്തില്‍ ഇടപെട്ടതായി അറിവില്ല. രണ്ട് മന്ത്രിമാരും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് മധുരയിലാണ്. കട പൂട്ടിയതോടെ സമരക്കാരും സ്ഥലം കാലിയാക്കി.

കൊച്ചി മാടവനയില്‍ സംസ്‌കരിച്ച പഴ വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തില്‍ ജോലി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി സ്ഥാപനത്തിന് മുന്നില്‍ സമരം നടത്തുന്ന വാര്‍ത്തകള്‍ വന്നിരുന്നു. സ്ഥാപന ഉടമയും ഹൈക്കോടതിയില്‍ നിന്ന് സംരക്ഷണം നേടിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ സംരക്ഷണമുണ്ടായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top