ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ പ്രധാനമന്ത്രിയുടെ ഗണപതി പൂജയില്‍ വിമർശനം; വിശ്വാസം നഷ്ടമായെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട്ടില്‍ നടന്ന ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതില്‍ വിമര്‍ശനവുമായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍. ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ചീഫ് ജസ്റ്റിസിലുള്ള വിശ്വാസം നഷ്ടമായെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് പ്രതികരിച്ചു. പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണും പ്രതികരിച്ചു.
ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടിവിന്റെയും അധികാരങ്ങള്‍ തമ്മിലെ വേര്‍തിരിവില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച കാട്ടി. ചീഫ് ജസ്റ്റിസിലുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നും ഇന്ദിര ജയ്‌സിങ് എക്‌സില്‍ കുറിച്ചു. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന്റെ നടപടിയെ അപലപിക്കണമെന്നും ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.
ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. ഒരു ജഡ്ജി തന്റെ പദവിയുടെ മാന്യത മാനിച്ച് പ്രവര്‍ത്തിക്കണം. ഭരണാധികാരികളുമായി പാലിക്കേണ്ട അകലം പാലിക്കണം. അത് ജുഡീഷ്യറിയുടെ അഭിമാനം നിലനിര്‍ത്താന്‍ ആവശ്യമാണ്. ചീഫ് ജസ്റ്റിസ് വസതിയിലെ മതപരമായ ചടങ്ങില്‍ പ്രധാനമന്ത്രിയെ അത്ഥിയായി വിളിച്ചത് ശരിയായ നടപടിയല്ലെന്നും പ്രശാന്ത് ഭൂഷണണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട്ടില്‍ നടന്ന ഗണപതി പൂജയില്‍ പങ്കെടുത്തത്. ഗണേശ ചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായായിരുന്നു ചീഫ് ജസ്റ്റിനും പത്‌നി കല്‍പന ദാസിനുമൊപ്പം മോദി പൂജയില്‍ പങ്കെടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here