യൂത്ത് കോൺ. ആരുടെ വ്യാജന്‍ ഉണ്ടാക്കി? ആള്‍മാറാട്ടം നടത്തിയതാര്? മറുപടിയില്ലാതെ പോലീസ്; വ്യാജ ഐഡി കേസില്‍ വിധിപകര്‍പ്പ് പുറത്ത്

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡികാര്‍ഡ് നിര്‍മ്മിച്ചത് ആരുടെ പേരിലെന്ന് വ്യക്തതയില്ലാത്ത പോലീസ് റിമാന്റ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(സിജെഎം). ഇന്നലെ (നവംബര്‍ 28ന്) പുറത്തു വന്ന വിധി പകര്‍പ്പിലാണ് പോലീസിനെതിരെ കോടതിയുടെ ഗുരുതരമായ കണ്ടെത്തല്‍. മൊബൈലിലും, കംപ്യൂട്ടറിലും ചില ചിത്രങ്ങള്‍ കണ്ടെത്തിയതല്ലാതെ പ്രതികള്‍ ഏതെങ്കിലും വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയതായി റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ആള്‍മാറാട്ടം നടത്തിയെന്ന് പ്രതികള്‍ക്ക് മേല്‍ ആരോപിക്കുന്ന കുറ്റം തെളിയിക്കുന്ന വിവരങ്ങളൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതിലുപരി വ്യാജ ഐഡികാര്‍ഡ് നിര്‍മ്മിച്ചുവെന്ന് പറയുന്ന ആരോപണത്തെ സാധൂകരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഐഡി കാര്‍ഡുകള്‍ കണ്ടെത്താനും പോലീസിന് കഴിഞ്ഞിട്ടില്ല.

എന്ത് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളായ നാലുപേരേയും അറസ്റ്റ് ചെയ്തതെന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. അത് സംബന്ധിച്ച് രേഖകളോ തെളിവുകളോ ഹാജരാക്കിയതുമില്ല. മൂന്നും നാലും പ്രതികളെ വീട്ടില്‍ ഉറങ്ങുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളൊന്നും തന്നെ പാലിച്ചില്ല. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ബന്ധുക്കളെ അറിയിക്കണമെന്ന പ്രഥമികമായ കാര്യം പോലും പോലീസ് പാലിച്ചില്ല. അത് എന്തുകൊണ്ട് പാലിച്ചില്ല എന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല. നിയമവിരുദ്ധമായി കസ്‌റ്റഡിയില്‍ എടുത്തതിലൂടെ പൗരന്റെ മൗലിക അവകാശങ്ങളുടെ ലംഘനവും പോലീസ് നടത്തിയെന്ന് കോടതി വിധി പ്രസ്താവത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളായ ഫെനി നൈനാന്‍, ബിനില്‍ ബിനു, അഭി വിക്രം, വികാസ് കൃഷ്ണന്‍ എന്നിവര്‍ക്ക് ഈ മാസം 23ന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ മൃദുല്‍ ജോണ്‍ മാത്യുവും സൂര്യ രഘുനാഥുമാണ് ഹാജരായത്.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച് സംഘടനാ തിരഞ്ഞെടുപ്പ് നടത്തയെന്നായിരുന്നു പരാതി. സിആര്‍-കാര്‍ഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചുവെന്ന് പരാതിയില്‍ എടുത്ത് പറഞ്ഞിരുന്നു. ഒന്നും രണ്ടും പ്രതികളെ തിരുവനന്തപുരം നഗരത്തില്‍ നിന്ന് നവംബര്‍ 21ന് കസ്റ്റഡിയില്‍ എടുത്തെങ്കിലും അവരെ അറസ്റ്റ് ചെയ്തിരുന്നില്ല. അതുപോലെ തന്നെ പിറ്റേന്ന് മൂന്നും നാലും പ്രതികളെ വെളുപ്പിന് 3 മണിക്ക് അടൂരില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നെങ്കിലും അവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. അതേദിവസം ഉച്ചയ്ക്ക് ഒന്നിനും ഒന്നരയ്ക്കും ഇടയ്ക്കുള്ള സമയത്താണ് നാലുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയതായി റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടിയില്‍ കോടതി ആശങ്ക രേഖപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്നത് രാഹുലിന്റെ കാറിലായിരുന്നെന്നും കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും റിമാന്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. മ്യൂസിയം പോലീസ് മൂന്നും നാലും പ്രതികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അടൂര്‍ പോലീസിനെ അറിയിച്ചിരുന്നില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സിഐ എസ്.മഞ്ജുലാലിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചത് സംബന്ധിച്ച് ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. അടൂരില്‍ നടന്ന തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന് തിരുവനന്തപുരം മ്യൂസിയം സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിലെ നിയമസാധുതയും നിലനില്‍ക്കുന്നതല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top