മാത്യു ടിയ്ക്ക് താക്കീതുമായി സി.കെ. നാണു; ദളിന്റെ പോക്ക് എങ്ങോട്ട്…

തിരുവനന്തപുരം: ജനതാദൾ സോഷ്യലിസ്റ്റ് കേരള ഘടകവും പിളർപ്പിലേക്കെന്ന സൂചന നൽകി ദേശീയ വൈസ് പ്രസിഡൻ്റ് സി.കെ.നാണുവിൻ്റെ നേതൃത്വത്തിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗം. തങ്ങളാണ് ഔദ്യോഗിക പാർട്ടിയെന്നും ദേവഗൗഡയോട് ബിജെപി സഖ്യത്തിൽ ചേരാനുള്ള തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെടുമെന്നും മുൻ കർണാടക ജെഡിഎസ് അധ്യക്ഷൻ സി.എം. ഇബ്രാഹിം പറഞ്ഞു.

കേരളത്തിൽ ജെഡിഎസ് ഇടതുപക്ഷത്തോടൊപ്പമാണ്. തങ്ങളാണ് യഥാർഥ ജെഡിഎസ് എന്ന കാര്യം നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്നും ഇബ്രാഹിം വ്യക്തമാക്കി. കർണാടകത്തിൽ പാർട്ടി കോൺഗ്രസിനൊപ്പമാണെന്നും അവിടെ ഇന്‍ഡ്യ മുന്നണിയെ നയിക്കുന്നത് കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള ഘടകം ആർക്കൊപ്പമാണെന്ന നിലപാട് വ്യക്തമാക്കാൻ ബംഗളൂരിൽ ചേരുന്ന ദേശീയ സമിതി യോഗം വരെ കേരള ഘടകം നേതാക്കൾക്ക് സമയം നൽകിയതായും സി.എം.ഇബ്രാഹിം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഇതിന് ശേഷമാകും മുഖ്യമന്ത്രിയെ കാണുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാതെ വിട്ടു നിന്ന കേരളത്തിൽ നിന്നുളള ദേശീയ നിർവാഹക സമിതി അംഗങ്ങളായ സംസ്ഥാന പ്രസിഡൻറ് മാത്യു ടി തോമസിനെയും മന്ത്രി കെ കൃഷ്ണൻകുട്ടിയേയും അതിരൂക്ഷമായ ഭാഷയിലാണ് സി.എം. ഇബ്രാഹിമും സി.കെ.നാണുവും വിമർശിച്ചത്. ഇന്ന് യോഗത്തിൽ പങ്കെടുക്കാത്ത കേരള ഘടകം നേതാക്കൾ ഡിസംബർ 9 ന് ബംഗളൂരിൽ നടക്കുന്ന ദേശീയ സമിതി യോഗത്തിൽ പങ്കെടുക്കണമെന്ന അന്ത്യശ്വാസനവും നിർവാഹക സമിതി യോഗം നൽകി. ആർക്കൊപ്പമാണെന്ന തീരുമാനം കേരളത്തിലെ എംഎൽഎമാർ ദേശീയ സമിതി യോഗത്തിന് മുമ്പ് അറിയിച്ചിട്ടില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ കോവളത്ത് ചേർന്ന നിർവാഹക സമിതി യോഗം തീരുമാനിച്ചു.

ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാത്ത മാത്യു ടി തോമസിൻ്റെയും കൃഷ്ണൻകുട്ടിയുടെയും നടപടി അച്ചടക്ക ലംഘനമാണെന്ന വിമർശനവുമായി സി.കെ.നാണുവും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു യോഗം വിളിക്കേണ്ട സംസ്ഥാന നേതൃത്വം നിശബ്ദരായിരുന്നതുകൊണ്ടാണ് താൻ ദേശീയ നിർവാഹക സമിതി യോഗം വിളിച്ചത്. ഈ യോഗത്തിന് നേതൃത്വം നൽകേണ്ടവർ തന്നെ വിട്ടു നിന്നെന്നും സ്വന്തം താല്പര്യം സംരക്ഷിക്കാനല്ല താൻ യോഗം വിളിച്ചതെന്നും സി.കെ.നാണു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ബിജെപി സഖ്യത്തിനൊപ്പമല്ല എന്ന നിലപാട് പ്രഖ്യാപിക്കാനായിരുന്നു ഇന്നത്തെ യോഗം. എന്നാൽ അത് ബഹിഷ്ക്കരിച്ചത് ശരിയായില്ല. ദേശീയ കൗൺസിലിന് മുമ്പ് നിലപാട് പറയും എന്നാണ് പ്രതീക്ഷ. ബാക്കിയുള്ള കാര്യങ്ങൾ അതിനുശേഷം വിശദീകരിക്കാമെന്നും നാണു അറിയിച്ചു.

അതേസമയം, ബാംഗ്ലൂരുവിൽ നടക്കുന്ന ദേശീയ കൗൺസിൽ യോഗത്തിൽ ദേവഗൗഡ പുറത്താക്കിയ ദേശീയ വൈസ് പ്രസിഡൻ്റായ സി.എം. ഇബ്രാഹിമിനെ അഖിലേന്ത്യ അധ്യക്ഷനാക്കാനാണ് സി.കെ.നാണുവിൻ്റെ നേതൃത്വത്തിലുള്ള വിഭാഗത്തിൻ്റെ ശ്രമം. ഡിസംബർ 9 ന് മുമ്പ് ബിജെപി ബന്ധം വേർപെടുത്തി സി.എം. ഇബ്രാഹിമിനെ പാർട്ടിയിൽ തിരിച്ചെടുത്തില്ലെങ്കിൽ ദേവഗൗഡയേയും മകൻ കുമാരസ്വാമിയേയും പുറത്താക്കി തങ്ങളാണ് യഥാർത്ഥ ജെഡിഎസെന്ന് പ്രഖ്യാപിക്കാനുള്ള നീക്കങ്ങളാണ് നിലവിൽ സി.കെ.നാണുവും സി.എം.ഇബ്രാഹിമും ചേർന്ന് നടത്തുന്നതെന്നാണ് സൂചനകൾ.

അതേസമയം, സി.കെ.നാണു വിൻ്റെ നേത്യത്വത്തുള്ള ദേവഗൗഡ – ബിജെപി വിരുദ്ധപക്ഷത്തിൻ്റെ നീക്കം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ജെഡിഎസ് കേരള ഘടകത്തെയാണ്. ബിജെപി സഖ്യത്തില്‍ ചേര്‍ന്ന ദേശീയ നേതൃത്വവുമായി ബന്ധം വേർപ്പെടുത്തിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കേരളഘടകം സാങ്കേതികമായി ഇപ്പോഴും ദേവഗൗഡ നേതൃത്വം നൽകുന്ന ജെഡിഎസിൻ്റെ ഭാഗമാണ്. അതുകൊണ്ടാണ് നാണു വിളിച്ച യോഗത്തിൽ കേരളത്തിൽ നിന്നുളള നേതാക്കൾ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡൻ്റ് മാത്യൂ ടി തോമസ് കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കിയത്. കോവളത്ത് വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ദേവഗൗഡ വിഭാഗവും അറിയിച്ചിരുന്നു. സി.കെ.നാണു യോഗം വിളിച്ചത് പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണ് എന്നാണ് ഗൗഡ പക്ഷം പറയുന്നത്. അതുകൊണ്ട് യോഗത്തിൽ പങ്കെടുത്താൽ തങ്ങളുടെ നിയമസഭാംഗത്വത്തെ ഉൾപ്പെടെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും യോഗത്തെ എതിർത്തതെന്നാണ് സൂചനകൾ.

നിലവിൽ മറ്റൊരു പാർട്ടിയിൽ ലയിക്കാനോ പുതിയ പാർട്ടി രൂപീകരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ജെഡിഎസ് കേരള ഘടകം. അതുകൊണ്ട് തന്നെ കേരള ഘടകവും. ബിജെപിയുമായി സഖ്യം ചേർന്ന ജെഡിഎസ് ദേശീയ നേതൃത്വത്തെ എതിര്‍ത്തുകൊണ്ട് അതേ പാർട്ടിയില്‍ തുടരുന്ന കേരള ഘടകത്തിൻ്റെ നിലപാടിലെ വൈരുദ്ധ്യമായിരിക്കും വരും ദിവസങ്ങളിൽ സി.കെ. നാണു വിഭാഗം ഉയർത്താൻ പോകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top