കണ്ണൂരിൽ വീണ്ടും ഏറ്റുമുട്ടൽ; മാവോയിസ്റ്റുകള്‍ക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്; ഉരുപ്പംകുറ്റിയിൽ റോഡുകൾ അടച്ചു

കണ്ണൂർ: കരിക്കോട്ടക്കരിയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. അയ്യൻകുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനമേഖലയിലാണ് മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ വെടിവെപ്പുണ്ടായത്. പല തവണ മേഖലയിൽ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു. ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ക്ക് പരുക്കേറ്റതായും അവരുടെ പക്കലുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായുമാണ് വിവരം. ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് സൂചനകൾ. അതേസമയം, ഏറ്റുമുട്ടല്‍ സംബന്ധിച്ച് പോലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

തണ്ടർബോൾട്ട്, ആന്റി നക്സൽ ഫോഴ്സ്, സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് രാവലെ ഒൻപതിനും ഒൻപതരക്കും ഇടയിലാണ് ആദ്യം വെടിയൊച്ച കേട്ടത്. തുടർന്ന് മുക്കാൽ മണിക്കൂറോളം നേരം വെടിയൊച്ച കേട്ടുവെന്നും നാട്ടുകാർ പറയുന്നു. ഉരുപ്പംകുറ്റി മേഖലയിലേക്കുള്ള റോഡുകൾ അടച്ചു. മാധ്യമപ്രവർത്തകരെ ഉരുപ്പുംകുറ്റിയിൽ പോലീസ് തടഞ്ഞിരിക്കുകയാണ്. ലോക്കൽ സ്റ്റേഷനുകളിലെ പോലീസുകാരുൾപ്പെടെ വലിയ സംഘം വനപ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റുകൾക്കായി ലോക്കൽ പോലീസും തണ്ടർബോൾട്ടും ചേർന്നുള്ള തിരച്ചിൽ തുടരുകയാണ്.

സ്ഥിരമായി മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയാണ് ഉരുപ്പംകുറ്റി. കർണാടക, വയനാട് ജില്ലകളുടെ അതിർത്തിപ്രദേശം കൂടിയാണിത്. വയനാട്ടിൽ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റുകൾ കണ്ണൂർ ജില്ലയിലെ വനമേഖലയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് കരിക്കാട്ടേരിയിൽ പോലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നത്.

കഴിഞ്ഞ ദിവസം വയനാട്ടിലെ തലപ്പുഴ പെരിയ മേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇവിടെനിന്നും രണ്ട് മാവോയസ്റ്റുകളെ തണ്ടർബോൾട്ട് അറസ്റ്റു ചെയ്തിരുന്നു. സിപിഐ (മാവോയിസ്റ്റ്) ബാണാസുര ഏരിയാസമിതി കമാൻഡർ ചന്ദ്രു(33), സംഘാംഗം ഉണ്ണിമായ(28) എന്നിവരാണ് ഏറ്റുമുട്ടലിന് ശേഷം പിടിയിലായത്. തുടർന്ന് വയനാട്, കണ്ണൂർ ജില്ലകളിലെ വനമേഖലകളിൽ പോലീസ് ശക്തമായ നിരീക്ഷണം നടത്തി വരികയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top