കെ എസ് യു സംസ്ഥാന ക്യാമ്പിൽ കൂട്ടത്തല്ല്; സംഘർഷം അർധരാത്രി നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ; അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കെപിസിസി പ്രസിഡൻ്റ്

തിരുവനന്തപുരത്ത് നടക്കുന്ന കെഎസ്‍യു സംസ്ഥാന ക്യാമ്പിൽ കൂട്ടത്തല്ല്. നെയ്യാർ ഡാം പരിസരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന വെള്ളിയാഴ്ച മുതൽ നടന്നുവന്ന ക്യാമ്പിൽ കഴിഞ്ഞ രാത്രിയാണ് സംഘർഷം ഉണ്ടായത്. കെപിസിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. കെഎസ്‌യു സംസ്ഥാന ഭാരവാഹികൾ അടക്കം ഒട്ടേറെ നേതാക്കൾക്ക് കൂട്ടത്തല്ലില്‍ പരിക്കേറ്റു.

സംഘർഷത്തേക്കുറിച്ച് കെപിസിസി പ്രസിഡന്റ്‌ കെ.സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എംഎം നസീർ, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എകെ ശശി എന്നിവർക്കാണ് അന്വേഷണ ചുമതല.

വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ഇന്ന് വൈകിട്ടോടെ സമാപിക്കേണ്ടത് ആയിരുന്നു. സംഘർഷത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. കെഎസ്‌യു പാറശ്ശാല നിയോജക മണ്ഡലം പ്രസിഡൻറ് സുജിത്, നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡൻറ് അഭിജിത് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പ്രവർത്തകരിൽ ചിലർ മദ്യപിച്ചിരുന്നതായി ഒരുവിഭാഗം പരാതിപ്പെടുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top