ഐഎഎസുകാരുടെ തമ്മിലടി തുടർന്നിട്ടും ഇടപെടാതെ സർക്കാർ; പോരുകോഴികളെപ്പോലെ പ്രശാന്തും ജയതിലകും

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പരസ്യമായ വിഴുപ്പലക്കലിൽ അന്തംവിട്ട് സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ജയതിലകിനെതിരെ നിരവധി ആരോപണങ്ങളുമായി കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് ആണ് ആദ്യം രംഗത്തെത്തിയത്. പ്രശാന്തിനെതിരെ മാതൃഭൂമി പത്രത്തിൽ വരുന്ന വാർത്തകൾക്ക് പിന്നിൽ ജയതിലക് ആണെന്ന് ആരോപിച്ചായിരുന്നു തുടക്കം. ജയതിലക് ഇനിയും പരസ്യമായി പ്രതികരിച്ചിട്ടില്ല. രണ്ട് ദിവസമായി ചെളിവാരിയേറ് തുടർന്നിട്ടും അഖിലേന്ത്യാ സർവീസിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതേവരെ ഇടപെട്ടിട്ടില്ല.

ഈ സംഭവങ്ങൾക്ക് തൊട്ടുമുമ്പാണ് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി വിവാദത്തിൽ ചാടിയത്. ഇത് പുറത്തുവന്നതിന് തൊട്ടുപിന്നാലെ തൻ്റെ ഫോൺ ആരോ ഹാക്കുചെയ്തെന്ന് അദ്ദേഹം തന്നെ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്. എന്നാൽ ഗ്രൂപ്പ് ഉണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറിക്ക് പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മേൽ സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്ന അവസ്ഥയാണ് സിവിൽ സർവ്വീസ് രംഗത്ത് ഉണ്ടായിരിക്കുന്നത്.

സംസ്ഥാന കേഡറിൽ 231 ഐഎഎസുകാരാണ് ഉള്ളത്. ഇവരിൽ 89 പേർ ഡെപ്യൂട്ടേഷനിലും അവധിയിലുമാണ്. നിലവിൽ 142 പേരാണ് സംസ്ഥാനത്തെ ഭരണത്തിന് നേതൃത്വം നൽകുന്നത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിലും ചേരിപ്പോരും ചെളി വാരിയേറും പലതരത്തിൽ ഇടക്കിടെ പുറത്തുവരുന്നുണ്ട്. എൻ പ്രശാന്ത് ഇന്ന് വീണ്ടും ജയതിലകിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിട്ടുണ്ട്. താൻ സിവിൽ സർവ്വീസിലെ അഴിമതിയും ക്രമക്കേടുകളും പുറത്തു കൊണ്ടുവരുന്ന ‘വിസിൽ ബ്ലോവർ’ ആണെന്നാണ് പ്രശാന്ത് പറയുന്നത്. മുതിർന്ന ഉദ്യോഗസ്ഥർ പൊതുമണ്ഡലത്തിൽ ഏറ്റുമുട്ടുകയും വ്യക്തിപരമായ ആരോപണങ്ങൾ അടക്കം ഉയർത്തുകയും ചെയ്തിട്ടും ചീഫ് സെക്രട്ടറിയോ മുഖ്യമന്ത്രിയോ ഇരുവരേയും തടയാൻ ശ്രമിക്കുന്നില്ല എന്നതാണ് കൗതുകരം.

കഴിഞ്ഞ വർഷമാണ് ഐജി ഗുഗുലോത്ത് ലക്ഷ്മൺ മുഖ്യമന്ത്രിയുടെ ഓഫീസിസിന് നേരെ ഗുരുതര ആക്ഷേപങ്ങളുമായി ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്ന അദൃശ്യകരം പ്രവൃത്തിക്കുന്നു എന്നാണ് ലക്ഷ്മൺ സത്യവാങ്മൂലമായി കോടതിയിൽ നൽകിയത്. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട വ്യാജ പുരാവസ്തു കേസിൽ ഗുഗുലോത്ത് ലക്ഷ്മൺ മൂന്നാംപ്രതിയാണ്. തന്നെ പ്രതിയാക്കിയ കേസ് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അതീവ ഗുരുതര ആരോപണം ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള അസാധാരണ ഭരണഘടനാ അതോറിറ്റി സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ ഒത്തുതീർപ്പുണ്ടാക്കുകയും ഇടനിലക്കാരനാകുകയും മധ്യസ്ഥം വഹിക്കുകയും ചെയ്യുന്നുവെന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതി വിവിധ ആർബിട്രേറ്റർമാർക്ക് കൈമാറിയ തർക്കവിഷയങ്ങൾപോലും ഈ അധികാരകേന്ദ്രം ഇടപെട്ട് ഒത്തുതീർപ്പാക്കി എന്നുമൊക്കെ ആയിരുന്നു ഐജിയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങൾ. സർവീസിലുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ആരോപണങ്ങൾ സർക്കാരിനെ നാണക്കേടിൻ്റെ പടുകുഴിയിൽ എത്തിച്ചതാണ്. അഭിഭാഷകൻ പറ്റിച്ച പണിയാണെന്ന് പറഞ്ഞ് സത്യവാങ് മൂലം പിൻവലിച്ചു ലക്ഷ്മൺ തടിയൂരി.

ലക്ഷ്മണിൻ്റെ വിവാദം ഒന്നൊതുങ്ങിയപ്പോഴാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനും മലപ്പുറം ജില്ലാ പോലീസിൻ്റെ മുൻ മേധാവി സുജിത് ദാസിനുമെതിരെ ഒട്ടേറെ ആരോപണങ്ങളുമായി നിലമ്പൂർ എംഎൽഎ അൻവർ രംഗത്തെത്തിയത്. ഇതും സർക്കാരിന് വലിയ ക്ഷീണമായി. ഇതിനിടയിലാണ് എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട് ചർച്ച നടത്തിയെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുറത്തുവിട്ടത്. ഇക്കാര്യത്തിലും വസ്തുതകളൊന്നും ഇനിയും പുറത്തുവന്നിട്ടില്ല. തൃശൂർ പൂരം അലങ്കോലപ്പെട്ടതിലും എഡിജിപി യുടെ പേര് ഉയർന്നു വന്നു.

മുൻ കാലങ്ങളിലൊന്നും തന്നെ സംസ്ഥാനത്ത് ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം ആക്ഷേപങ്ങളൊന്നും ഉയർന്നു കേട്ടിട്ടില്ല. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ സ്വർണക്കടത്ത് ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉയർന്നത്. രണ്ട് ഘട്ടങ്ങളിലായി 200 ദിവസങ്ങളോളം ജയിലിലും കിടന്നപ്പോൾ സസ്പെൻഷനിലായി എങ്കിലും തിരിച്ച് വീണ്ടും സർവീസിലെത്തി. തുടരെത്തുടരെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരുകൾ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടും മുഖ്യമന്ത്രി കാഴ്ചക്കാരൻ്റെ റോളിൽ നിൽക്കയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top