ബിജെപി ‘സ്പോണ്‍സേര്‍ഡ്’ ക്രിസ്ത്യന്‍ പാര്‍ട്ടി ക്ലച്ച് പിടിച്ചില്ല, നേതാക്കള്‍ അടിച്ചുപിരിഞ്ഞു, ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടത് സ്വന്തം താല്‍പര്യം നടക്കാത്തതുകൊണ്ടെന്ന് വി.വി.അഗസ്റ്റിന്‍
കോട്ടയം: ക്രൈസ്തവ സഭകളെ കൂടെ നിര്‍ത്താന്‍ വേണ്ടി ബിജെപി സഹായത്തോടെ ആരംഭിച്ച നാഷണല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍പിപി) നേതൃത്വം അടിച്ച് പിരിഞ്ഞു. പാര്‍ട്ടി രൂപികരിക്കാന്‍ മുന്നില്‍ നിന്ന ജോണി നെല്ലൂരും കൂട്ടരും സംഘടന വിട്ടു പോയി.
ഈ വര്‍ഷം ഏപ്രില്‍ 22-നാണ് കൊച്ചിയിലെ ഒരു ഹോട്ടലില്‍ വെച്ച് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ന്യുനപക്ഷ കമ്മിഷന്‍ മുന്‍ അംഗമായ വി.വി അഗസ്റ്റിന്‍ ചെയര്‍മാനും മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍ വര്‍ക്കിംഗ് പ്രസിഡന്റുമായി സംസ്ഥാന കമ്മിറ്റി രൂപീ കരിച്ചെങ്കിലും പിന്നീട് ഒരടി പോലും മുന്നോട്ട് പോയില്ല. രണ്ടു മാസം മുന്‍പേ ജോണി നെല്ലൂരും കൂട്ടരും പാര്‍ട്ടി വിട്ട് പോകുകയും ചെയ്തു. “സ്ഥാപിത താല്പര്യങ്ങള്‍ നടക്കാത്തതിനാലാണ് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടതെന്ന് ‘ വി.വി അഗസ്റ്റിന്‍ ‘മാധ്യമ സിന്‍ഡിക്കറ്റി’നോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും അധികാര സ്ഥാനങ്ങളില്‍ നിന്ന് പുറത്തുപോയ ഒന്ന് രണ്ട് നേതാക്കന്മാരും അവരുടെ ഏതാനും ചില അനുയായികളും ചേര്‍ന്ന് തട്ടിക്കൂട്ടിയുണ്ടാക്കിയ സംഘടനയ്ക്ക് ആശയപരമായ അടിത്തറയോ ജനങ്ങളുടെ പിന്തുണയോ ആര്‍ജ്ജിക്കാന്‍ ഒരു ഘട്ടത്തിലും കഴിഞ്ഞില്ല. ചില ക്രൈസ്തവസഭാ നേതാക്കന്‍മാരുടെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെട്ടെങ്കിലും അവരാരും തന്നെ ഈ സംഘടനയ്ക്ക് പിന്തുണ നല്‍കാന്‍ തയാറായതുമില്ല. ബിജെ പിയോട് ആഭിമുഖ്യമുള്ള ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ചേഞ്ച് (കാസ) ന്‍റെയുമൊക്കെ പിന്തുണയോടെയാണ് സംഘടന ആരംഭിച്ചതെങ്കിലും മണിപ്പൂര്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ ഇവരെല്ലാം ബിജെപി സഖ്യത്തില്‍ നിന്ന് പിന്‍വലിഞ്ഞു. മണിപ്പൂരില്‍ വ്യാപകമായി ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും എതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതോടെ ബിജെപി യുമായി സഖ്യം കൂടുന്നതിനെക്കുറിച്ച് മിണ്ടാന്‍ പോലുമുള്ള ധൈര്യം അഗസ്റ്റിനും കൂട്ടര്‍ക്കും ഇല്ലാതെ പോയി.
റബറിനു 300 രൂപ വില കിട്ടാന്‍ ബിജെപി സര്‍ക്കാരിന്റെ സഹായം തേടുമെന്നൊക്കെയായിരുന്നു തുടക്കത്തിലെ വാഗ്ദാനം. ഇത് സംബന്ധിച്ച് ആര്‍എസ്‌എസിന്റെ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. തുടക്കത്തില്‍ എന്‍പിപിയോട് താത്പര്യം കാണിച്ച കത്തോലിക്കസഭാ നേതൃത്വത്തിന് മണിപ്പൂര്‍ കലാപവും വടക്കേ ഇന്ത്യയില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളും പതിവായതോടെ അവര്‍ക്കും കേന്ദ്ര സര്‍ക്കാരിനെ തള്ളിപ്പറയേണ്ടി വന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here