കാമുകിക്ക് ഐഫോൺ വാങ്ങാൻ അമ്മയുടെ സ്വർണം മോഷ്ടിച്ചു; ഒൻപതാം ക്ലാസുകാരൻ പിടിയിൽ
കാമുകിക്ക് പിറന്നാൾ സർപ്രൈസായി ഐ ഫോൺ വാങ്ങിക്കാനുള്ള പണത്തിനായ് അമ്മയുടെ സ്വർണം മോഷ്ടിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥി പൊലീസ് പിടിയിൽ. സ്വർണം മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി അമ്മ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരൻ പിടിയിലായത്. ഡൽഹിയിലെ നജഫ്ഗഡ് പ്രദേശത്താണ് സംഭവം.
മോഷ്ടിച്ച സ്വർണം വിദ്യാർത്ഥി രണ്ടു സ്വർണ പണിക്കാർക്ക് വിൽക്കുകയും കിട്ടിയ പണം ഉപയോഗിച്ച് കാമുകിക്ക് ഐഫോൺ വാങ്ങിക്കുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഒരു സ്വർണ പണിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കൽനിന്നും ഒരു സ്വർണ മോതിരവും കമ്മലും പോലീസ് കണ്ടെടുത്തു.
ഓഗസ്റ്റ് മൂന്നിന് തന്റെ വീട്ടിൽനിന്നും രണ്ടു സ്വർണ മാലകളും ഒരു ജോഡി കമ്മലും ഒരു മോതിരവും മോഷണം പോയെന്ന് ചൂണ്ടിക്കാട്ടിയാണ് പിടിയിലായ കൗമാരക്കാരന്റെ അമ്മ പോലീസിൽ പരാതിപ്പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താനായില്ല. പ്രദേശവാസികളെ ചോദ്യം ചെയ്തെങ്കിലും ഒരു തെളിവും ലഭിച്ചില്ല. തുടർന്നാണ് കുടുംബത്തിലുള്ളവരിലേക്ക് അന്വേഷണം നീണ്ടത്.
മോഷണത്തിനുശേഷം പരാതി നൽകിയ സ്ത്രീയുടെ മകനെ കാണാതായെന്ന് പോലീസ് കണ്ടെത്തി. സഹപാഠികളിൽനിന്നും അടുത്തിടെ 50,000 രൂപ വില വരുന്ന ഐഫോൺ വാങ്ങിച്ചിരുന്നതായി വിവരം ലഭിച്ചു. പല ഇടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിൽ മടങ്ങി എത്തിയ വിദ്യാർത്ഥിയെ പോലീസ് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. സ്വർണം മോഷ്ടിച്ചത് താനാണെന്ന് വിദ്യാർത്ഥി സമ്മതിച്ചു. കാമുകിക്ക് പിറന്നാൾ സമ്മാനം നൽകാനായി അമ്മയോട് പണം ആവശ്യപ്പെട്ടുവെങ്കിലും കിട്ടിയില്ല. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമ്മ ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് സ്വർണം മോഷ്ടിക്കാൻ തീരുമാനിച്ചതെന്ന് വിദ്യാർത്ഥി പോലീസിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here