രണ്ടാം ക്ലാസുകാരനെക്കൊണ്ട് അധ്യാപിക ഛർദി വാരിച്ചതിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പും പോലീസും; വാർത്ത പുറത്തുവിട്ടത് മാധ്യമ സിൻഡിക്കറ്റ്
ഇടുക്കി സ്ലീവാമല സെൻ്റ് ബെനഡിക്‌ട്‌സ് എൽപി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെക്കൊണ്ട് ഛർദി കോരിപ്പിച്ച കേസിൽ ഇടപെടലുമായി വിദ്യാഭ്യാസ വകുപ്പ്. മാധ്യമ സിൻഡിക്കേറ്റ് വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. വാർത്തക്ക് പിന്നാലെ കേസെടുക്കാൻ വേണ്ട നടപടികൾ ഉടുമ്പൻചോല പോലിസും ആരംഭിച്ചു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറര വയസുകാരൻ്റെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് നടപടി. ഇന്ന് വിദ്യാർത്ഥിയുടേയും അമ്മയുടെയും മൊഴി ഉടുമ്പൻചോല എസ്എച്ച്ഒ അനൂപ് രേഖപ്പെടുത്തി. മരിയ ജോസഫ് എന്ന അധ്യാപികക്കെതിരെ വിദ്യാഭ്യാസ വകുപ്പിനും സ്കൂൾ അധികൃതർക്കുമാണ് ആദ്യം പരാതി നൽകിയിരുന്നത്. എന്നാൽ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് മതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.
ഈ മാസം 13നാണ് സംഭവം നടന്നത്. പനിയും മറ്റ് ശാരീരിക അസുഖങ്ങൾ കാരണം ഒരു കുട്ടി ക്ലാസിൽ ഛർദിച്ചിരുന്നു. ഇത് സഹപാഠിയായ പരാതിക്കാരൻ്റെ മകനെക്കൊണ്ട് ക്ലാസ് ടീച്ചറായ മരിയ ജോസഫ് വാരിക്കുകയായിരുന്നു. വിദ്യാർത്ഥി എതിർത്തിട്ടും ദേഷ്യപ്പെട്ട് വൃത്തിയാക്കാൻ ആവശ്യപ്പെട്ടു. ഭയന്ന കുട്ടി അധ്യാപിക പറഞ്ഞത് അനുസരിച്ചു. അത്രയും കുട്ടികളുണ്ടായിട്ടും ജാതിയിൽ താഴ്ന്നവനായത് കൊണ്ടാണ് മകന് ഈ അവസ്ഥ നേരിടേണ്ടി വന്നതെന്ന് മാതാപിതാക്കൾ നൽകിയ പരാതിൽ പറയുന്നു വിദ്യാഭ്യാസ വകുപ്പിനും സ്കൂൾ പ്രിൻസിപ്പലിനും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജില്ലാ കളക്ടർക്കും ഉടുമ്പൻചോല പോലീസിനും പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാതാപിതാക്കൾ പോലീസിനെ സമീപിച്ചത്. കുട്ടിയുടെ മൊഴി എടുത്തതല്ലാതെ മറ്റ് തുടർ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മാധ്യമ സിൻഡിക്കറ്റ് വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് പോലീസ് കേസെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. പരാതിക്കാരുടെയും കുട്ടിയുടേയും വിശദമായ മൊഴി ഇന്ന് ഉടുമ്പൻചോല പോലീസ് എടുക്കുയായിരുന്നു. പ്രാഥമിക അന്വേഷണം കാരണമാണ് കേസെടുക്കാൻ വൈകിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here