തുണിയും കടലാസുകളും തനിയെ കത്തുന്നു; തിരുവനന്തപുരം ആര്യനാട്ട് വീടൊഴിഞ്ഞ് കുടുംബം

എം.മനോജ്‌ കുമാര്‍

ആര്യനാട്: തുണികളും കടലാസുകളും കാരണമൊന്നും ഇല്ലാതെ കത്തുന്നു. അലമാരകളിൽ ഇരിക്കുന്ന വസ്തുക്കളിൽ നിന്ന് പുക ഉയരുന്നു. കാരണം മനസ്സിലാകാതെ ഭീതിയിൽ ഒരു കുടുംബം. ആര്യനാട് കിഴക്കേക്കര സജി ഭവനിൽ ഡി.സത്യന്റെ വീട്ടിലാണ് ഈ പ്രതിഭാസം. ആര്യനാട് പഞ്ചായത്തിലും പോലീസിലും പരാതി നല്‍കി കുടുംബം താത്ക്കാലത്തേക്ക് മറ്റൊരു വീട്ടിലേക്ക് മാറി. വിവരം അറിഞ്ഞ് വാര്‍ഡ്‌ മെമ്പര്‍ അശോകന്‍ സ്ഥലത്തെത്തി പരിശോധന നടത്തുമ്പോഴും തുണികള്‍ക്ക് തീ പിടിച്ചതായാണ് വീട്ടുകാര്‍ പറയുന്നത്. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനും സിപിഎം നേതാക്കളും വീട്ടിലെത്തി കുറച്ച് സമയം കാത്തിരുന്നെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. വീണ്ടും പ്രശ്നം ഉണ്ടായാൽ താത്ക്കാലത്തേക്ക് വീട് മാറാൻ ഉപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ താമസം മാറുന്നത്.

കഴിഞ്ഞ ആഴ്ച മുതലാണ് ഈ പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടത്. ഡി.സത്യന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. മകന്‍ ഷിജുവാണ് മുണ്ട് കത്തിയ കാര്യം ആദ്യം കണ്ടത്. പിന്നീടിങ്ങോട്ട് ഇടയ്ക്കിടെ ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടു. ചെറിയ പേടി തോന്നിയതിനാല്‍ ഇപ്പോൾ ബന്ധുവീട്ടിലേക്ക് മാറി. ഇത് താത്കാലികമാണ് വീട്ടിലേക്ക് തന്നെ തിരികെ വരണം. മറ്റൊരു കിടപ്പാടം ഇല്ല. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് വിളിച്ചിരുന്നു. വര്‍ഷങ്ങളായി താമസം ഈ വീട്ടിലാണ്. ഇതുവരെ ഒരു പ്രശ്നവും വന്നില്ല. എന്താണ് കാരണമെന്ന് മനസ്സിലാകുന്നില്ല. നിസ്സഹായനായി സത്യൻ പറയുന്നു. വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് പേപ്പറുകള്‍ ഇതാണ് തനിയെ കത്തുന്നത്. വീട്ടില്‍ ആളുള്ളപ്പോള്‍ തന്നെയാണ് ഇത് നടക്കുന്നത്-സത്യന്‍ പറയുന്നു.

പരാതി കേട്ട് വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കുമ്പോൾ വസ്ത്രങ്ങള്‍ക്ക് തീ പിടിച്ചതായി വാര്‍ഡ്‌ മെമ്പര്‍ അശോകന്‍ എന്നോട് പറഞ്ഞിരുന്നു. ഇതറിഞ്ഞാണ് ഞാന്‍ വീട്ടില്‍ പോയത് -ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കത്തുന്നത് അശോകന്‍ നേരിട്ട് കണ്ടില്ല. വീട്ടുകാര്‍ പറഞ്ഞ അറിവാണ് ഉള്ളത്. ലൈറ്റര്‍, തീപ്പെട്ടി എല്ലാം മാറ്റിവെച്ചിട്ടും പിന്നീടും ഈ പ്രശ്നം വന്നതായാണ് മെമ്പര്‍ പറഞ്ഞത്. വീട്ടിലുള്ളവര്‍ പറഞ്ഞുകേട്ട അറിവ് മാത്രമാണ്. പുറത്തുള്ളവര്‍ക്ക് ആര്‍ക്കും പ്രശ്നത്തെക്കുറിച്ച് ഒരറിവുമില്ല. മറ്റൊന്നും അസ്വാഭാവികമായി തോന്നിയില്ല. പോലീസ് അന്വേഷിക്കട്ടെ -വിജു മോഹന്‍ പറയുന്നു.

പരാതി അറിഞ്ഞ് സത്യന്റെ വീട്ടില്‍ പോയപ്പോള്‍ മൂന്നു തവണ പ്രശ്നമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു -വാര്‍ഡ്‌ കൗണ്‍സിലര്‍ കെ.അശോകന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. വീട്ടിലെ അംഗങ്ങളെല്ലാവരും ഉള്ളപ്പോഴാണ് തീപിടിത്തം. പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടോ എന്നറിയാന്‍ കെഎസ്ഇബിക്കാരും വന്നു. ഒരു പ്രശ്നവും കണ്ടില്ല. സത്യന്റെ ഭാര്യയുടെ സഹോദരിയുടെ വീട്ടിലേക്ക് അവര്‍ തത്കാലം മാറിയിട്ടുണ്ട്. എന്താണ് സംഭവമെന്ന് ഞങ്ങളും അന്വേഷിക്കുന്നുണ്ട് -അശോകന്‍ പറയുന്നു.

സത്യന്റെ പരാതി കിട്ടിയത് അനുസരിച്ച് ആര്യനാട് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷിക്കാനായി വീട്ടിൽ എത്തിയപ്പോള്‍ അവര്‍ അവിടെ നിന്നും തത്ക്കാലം മാറിയതായി പറഞ്ഞു. വീട് അടഞ്ഞ് കിടക്കുകയാണ്. നേരില്‍ക്കണ്ട് ചോദ്യം ചെയ്ത ശേഷമേ എന്താണ് സംഭവമെന്ന് പറയാന്‍ കഴിയൂ. അന്വേഷിക്കാന്‍ പോയ സിവില്‍ പോലീസ് ഓഫീസര്‍ ഷിബു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top