മുഖ്യമന്ത്രിയും ബിജെപിയുമായി മാസപ്പടിയിലും രഹസ്യധാരണ; നടന്നത് കള്ളപ്പണം വെളുപ്പിക്കല്‍: സതീശന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി രഹസ്യബന്ധമെന്ന് പ്രതിപക്ഷ നേതാവ് വ.ഡി. സതീശന്‍. മാസപ്പടി ഇഡി അന്വേഷിക്കാത്തതും ലാവലിന്‍ കേസ് 38 തവണ മാറ്റിവച്ചതും ഈ ബന്ധം കൊണ്ടാണെന്നും സതീശന്‍ ആരോപിച്ചു.

‘മാസപ്പടിയെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിലേക്ക് സി.എം.ആര്‍.എല്‍ കോടിക്കണക്കിന് രൂപ നല്‍കിയത് കള്ളപ്പണം വെളുപ്പിക്കലാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇഡി അന്വേഷിക്കാത്തത്? കള്ളപ്പണം വെളുപ്പിച്ചെന്ന് ഇന്‍കം ടാക്‌സിന്റെ ക്വാസി ജുഡീഷ്യല്‍ ബോഡി പരസ്യമായി പറഞ്ഞിട്ടും ഇഡി അന്വേഷിച്ചോ? ബി.ജെ.പിയുമായി ധാരണയുള്ളത് കൊണ്ടാണ് അന്വേഷിക്കാത്തത്’- സതീശന്‍ പറഞ്ഞു.

ജനങ്ങളുടെ ചിലവില്‍ രാഷ്ട്രീയം പറയാനുള്ള വേദിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനെ പ്രയോജനപ്പെടുത്തുകയാണ്. നാട്ടുകാരുടെ ചിലവിലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. ബജറ്റിന്റെ പ്രാരംഭ ചര്‍ച്ച നടത്തേണ്ട സമയത്ത് ധനമന്ത്രിയെ പോലും തിരുവനന്തപുരത്തേക്ക് വിടുന്നില്ലെന്നും സതീശന്‍ ആരോപിച്ചു. ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തനിക്ക് കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റാണെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. കരിങ്കൊടികാട്ടി പ്രതിഷേധിക്കാന്‍ പാടില്ലെന്ന് പറയാന്‍ പിണറായി എന്താ രാജാവാണോ? യൂണിഫോമില്‍ എത്തിയാണ് അങ്കമാലിയില്‍ ഡി.വൈ.എഫ്.ഐ ആക്രമിച്ചത്. അക്രമത്തെക്കുറിച്ച് അറിയില്ലെങ്കില്‍ മുഖ്യമന്ത്രി പോലീസ് വകുപ്പിന്റെ ചുമതല മറ്റാര്‍ക്കെങ്കിലും ഒഴിഞ്ഞ് കൊടുക്കണം. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോള്‍ ജനങ്ങളാല്‍ വെറുക്കപ്പെട്ട പരിപാടിയായി മാറും’- സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top