ഒടുവില്‍ താമരക്കൊടി പിടിച്ച് ചംപയ് സോറന്‍; പൊതുസമ്മേളനത്തില്‍ അംഗത്വം സ്വീകരിച്ചു

മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് റാഞ്ചിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ചംപയ് അംഗത്വം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ജാര്‍ഖണ്ഡ് ബിജെപി പ്രസിഡന്റ് ബാബുലാല്‍ മറാണ്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം സ്വീകരിക്കല്‍.

ജാര്‍ഖണ്ഡിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ചംപയ് സോറന്‍ പ്രതികരിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വമായാലും അത് നിര്‍വഹിക്കുമെന്നും ചംപയ് സോറന്‍ പ്രതികരിച്ചു. ജെഎംഎമ്മില്‍ നിന്നും നേരിടേണ്ടി വന്ന അപമാനങ്ങള്‍ മൂലമാണ് മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായതെന്ന് ചംപയ് സോറന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചന നടത്തിയെങ്കിലും അത് ഉപേക്ഷിച്ചാണ് ബിജെപിയില്‍ അംഗത്വം എടുത്തിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റിയാലതിനെ തുടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവച്ചപ്പോഴാണ് ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത്. അഞ്ച് മാസത്തിനുശേഷം ജാമ്യം ലഭിച്ച് തിരിച്ചെത്തിയ ഹേമന്ത് സോറനുവേണ്ടി ചംപയ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാമെന്നായിരുന്നു ചംപയ് കണക്കുകൂട്ടിയത്. ഇതിന് അനുവദിക്കാത്തിനെ തുടര്‍ന്നാണ് ഹേമന്ത് സോറനുമായി തെറ്റിയത്. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമാണ് ചംപയ് സോറന്‍.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിവിട്ടത് മുഖ്യമന്ത്രി ഹേമന്ത് സോറനും വെല്ലുവിളിയാണ്. കുടുംബ രാഷ്ട്രീയം എന്ന വിമര്‍ശനം ഉയര്‍ത്തിയാകും ഹേമന്ത് സോറനേയും ജെഎംഎമ്മിനേയും ചംപയ് സോറന്‍ നേരിടുക. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുളള ചംപയ് സോറനെ മുന്നില്‍ നിര്‍ത്തി നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top