പ്രോടേം സ്പീക്കര്‍, ബിജെപിയുടേത് ധാര്‍ഷ്ട്യമെന്ന് മുഖ്യമന്ത്രി; ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ്
എറ്റവും കൂടുതല്‍ കാലം ലോക്‌സഭയില്‍ അംഗമായിട്ടും കൊടിക്കുന്നില്‍ സുരേഷിന് പ്രോടേം സ്പീക്കര്‍ പദവി നിഷേധിച്ചത് പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് ബിജെപി മറുപടി പറയണം. ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാര്‍ഷ്ട്യമാണ് ബിജെപിക്ക്. ഈ ധിക്കാരപരമായ സമീപനം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രോടെം സ്പീക്കര്‍ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തി. മോദിക്കും ബിജെപിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും പാര്‍ലമെന്ററി കീഴ്വഴക്കങ്ങള്‍ ലംഘിക്കുന്നത് ജനവിധിയോടും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്. ദളിത് വിഭാഗത്തില്‍പ്പെട്ട കൊടിക്കുന്നിലിനെ പ്രോടെം സ്പീക്കര്‍ ആക്കാത്ത നടപടി ബി.ജെ.പിയും സംഘപരിവാറും പിന്തുടരുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കരുതേണ്ടി വരും. ബി.ജെ.പിയുടെ ദളിത് വിരുദ്ധ മുഖമാണ് ഒരിക്കല്‍ കൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here