വിധി അനുകൂലമായത് ആഘോഷമാക്കി പാർട്ടി; എതിരായാൽ ജഡ്ജിക്ക് അധിക്ഷേപവും നാടുകടത്തലും!! സിപിഎം ഇരട്ടത്താപ്പുകൾ വീണ്ടും ചർച്ചയാകുമ്പോൾ

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദവി ദുരുപയോഗം ചെയ്തതെന്ന ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന് സാധിച്ചില്ലെന്ന ഹൈക്കോടതി വിധി സിപിഎം ആഘോഷിക്കുകയാണ്. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും നിരനിരയായി നിന്ന് മുഖ്യമന്ത്രിക്ക് സ്തുതിയും പിന്തുണയും പ്രഖ്യാപിക്കുകയാണ്. അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച് പ്രതിപക്ഷം മുഖ്യമന്ത്രിയെയും മകളെയും വേട്ടയാടി എന്ന മട്ടിലാണ് പ്രചരണം. പാര്‍ട്ടിക്കും ഇടത് സര്‍ക്കാരിനും അനുകൂലമായി കോടതി വിധി വന്നാല്‍ അത് ആഘോഷിക്കുകയും, മറിച്ചായാല്‍ കോടതികളെയും വിധി പ്രസ്താവിച്ച ജഡ്ജിയേയും അധിക്ഷേപിക്കുന്നതുമാണ് സിപിഎമ്മിന്റെ രീതി.
കോടതി വിധികള്‍ എതിരായാല്‍ അതിനെതിരെ വ്യാപക പ്രചരണങ്ങള്‍ നടത്തുകയും വിധി പറഞ്ഞ ജഡ്ജിയെ ‘പ്രതീകാത്മകമായി’ നാടുകടത്തുകയും ചെയ്ത അസാധാരണ പ്രതിഷേധങ്ങള്‍ പോലും സിപിഎം നടത്തിയിട്ടുണ്ട്. പിണറായി വിജയന്‍ പ്രതിയായുള്ള എസ്എന്‍സി ലാവ്‌ലിന്‍ കേസ് സിബിഐയ്ക്ക് വിടണമെന്ന് വിധി പറഞ്ഞത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വികെ ബാലിയായിരുന്നു. ഇദേഹം 2006 ജനുവരി 22 മുതല്‍ 2007 ജനുവരി 24 വരെ അദ്ദേഹം ചീഫ് ജസ്റ്റിസായിരുന്നു. അക്കാലത്ത് സംസ്ഥാന സിപിഎമ്മില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള വിഭാഗീയത പരസ്പരമുള്ള വെല്ലുവിളികളില്‍ എത്തി നില്‍ക്കുകയായിരുന്നു.
ഈ ഘട്ടത്തിലാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി തീരുമാനം ഉണ്ടായത്. വിഎസ്സിന്റെ നിര്‍ദേശപ്രകാരം ദല്ലാള്‍ നന്ദകുമാര്‍ എന്ന ടി ജി നന്ദകുമാർ ആണ്, ജസ്റ്റിസ് ബാലിയെ സ്വാധീനിച്ച് പിണറായിക്കെതിരെ സിബിഐ അന്വേഷണത്തിന് വഴിയൊരുക്കിയത് എന്നായിരുന്നു അക്കാലത്ത് പിണറായി പക്ഷത്തിന്റെ ആരോപണം. ഈ വൈരാഗ്യം മനസില്‍ വെച്ച് നടന്ന പിണറായി പക്ഷം മറ്റൊരു കേസിലെ വിധി പ്രസ്താവത്തിന്റെ പേരിലാണ് പിന്നീട് ജസ്റ്റിസ് ബാലിക്കെതിരെ വന്‍ പ്രതിഷേധം നടത്തിയത്.
സ്വാശ്രയ കോളജ് നിയമത്തിലെ വിദ്യാര്‍ത്ഥി പ്രവേശന ഫീസ് ഘടനാ വ്യവസ്ഥകള്‍ റദ്ദാക്കിയത് ബാലിയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു. ഈ വിധിയുടെ പേരുപറഞ്ഞാണ് ചീഫ് ജസ്റ്റിസിനെതിരെ സിപിഎമ്മും എസ്എഫ്‌ഐയും തെരുവിലിറങ്ങിയത്. ജസ്റ്റിസ് വികെ ബാലി വിരമിച്ച ദിവസം എസ്എഫ്‌ഐ ‘പ്രതീകാത്മക നാടുകടത്തല്‍’ നടത്തി. ബാലിയുടെ കോലമുണ്ടാക്കി കൊച്ചി കായലിലൊഴുക്കി. ഇത്തരമൊരു പ്രതിഷേധം അസാധാരണമായിരുന്നു. ഏതായാലും ഇപ്പോൾ ഹൈക്കോടതി വിധി എതിരായതിൻ്റെ പേരിൽ കുഴല്‍നാടനും കോണ്‍ഗ്രസുകാരും അത്തരം പ്രതിഷേധങ്ങള്‍ക്ക് കോപ്പുകൂട്ടാനിടയില്ല.
ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട പ്രതിയായ കെ കുഞ്ഞനന്തനെ ശിക്ഷിച്ച വിധി അംഗീകരിക്കുന്നില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചു പോന്നത്. കുഞ്ഞനന്തന്‍ കുറ്റവാളിയാണെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടില്ല എന്ന ന്യായീകരണമാണ് അന്നുമിന്നും നിരത്തുന്നത്. ഇന്ത്യന്‍ നീതിന്യായ പീഠത്തിന്റെ നിഗമനത്തേക്കാള്‍ പാര്‍ട്ടിയുടെ നിഗമനങ്ങളാണ് സിപിഎം ഉയർത്തിപ്പിടിക്കുന്നതെന്ന് വ്യക്തം.
ഏറ്റവും ഒടുവില്‍ കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സൂരജിനെ കൊന്ന കേസിലെ സിപിഎമ്മുകാരായ പ്രതികള്‍ക്ക് തലശ്ശേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറയുന്നത് കോടതി കണ്ടെത്തിയ ഈ പ്രതികള്‍ നിരപരാധികളാണ് എന്നാണ്. അതാണ് പാർട്ടി നിലപാട് എന്നുതന്നെ അദ്ദേഹം എടുത്ത് പറഞ്ഞിട്ടുണ്ട്. ടികെ രജീഷ് ഉള്‍പ്പെടെയുള്ളവരെ മനപൂര്‍വ്വം പ്രതി ചേര്‍ത്തതാണെന്നും ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കുമെന്നുമാണ് ജയരാജന്‍ പറഞ്ഞത്. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത കോടതി വിധികള്‍ വരുമ്പോള്‍ അവയെ തിരസ്‌കരിക്കുകയും, അനുകൂല വിധികളെ കൊണ്ടാടുകയും ചെയ്യുന്ന സിപിഎമ്മിന്റെ പൊതുനിലപാടാണ് ഇന്നലത്തെ വിധിയോടെ വീണ്ടും ചർച്ചയാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here