ആര്‍എസ്എസ് X മുസ്ലിം വര്‍ഗീയവാദി; പിണറായിയും അന്‍വറും കൊമ്പുകോർക്കുമ്പോള്‍ ഡാമേജ് ആര്‍ക്ക്

അന്‍വറിനെ മുസ്ലിം വര്‍ഗീയവാദിയാക്കിയും മലപ്പുറം ജില്ലയില്‍ മുഴുവന്‍ സ്വര്‍ണക്കടത്തും ഹവാല ഇടപാടുമാണെന്ന ധ്വനിയില്‍ പ്രതികരിച്ചും നിലവിലെ രാഷ്ട്രീയ പ്രസന്ധിയെ സിപിഎം നേരിടുന്നതാണ് നിലവില്‍ കേരളം കാണുന്നത്. എന്നാല്‍ അന്‍വറിനെ പ്രതിരോധിക്കുമ്പോള്‍ അതില്‍ ഒരു ജില്ലയെ മഴുവന്‍ ക്രിമിനല്‍ കേന്ദ്രമെന്ന നിലയില്‍ പ്രതികരിക്കുന്നതില്‍ എതിര്‍പ്പ് ഉയരുന്നുണ്ട്. ഒപ്പം സിപിഎം ഇപ്പോള്‍ നടത്തുന്നത് ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള ചുവടുമാറ്റമെന്നും വിലയിരുത്തലുണ്ട്.

കേരളത്തില്‍ നടക്കുന്ന എല്ലാ സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടും മലപ്പുറത്താണെന്ന രീതിയിലാണ് മുഖ്യമന്ത്രി ഇന്നലെ ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചത്. നിലവില്‍ മലപ്പുറം മുസ്ലിം പ്രാതിനിധ്യം കൂടിയ ജില്ലയാണ്. അതുകൊണ്ട് തന്നെ പിണറായിയുടെ പ്രസ്താവന മുസ്ലിംങ്ങള്‍ക്കെതിരെന്ന പ്രചരണവും തുടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് നരേന്ദ്ര മോദിയും പറയുന്നതെന്ന തരത്തിലാണ് പ്രതികരണങ്ങള്‍ ഉയരുന്നത്.

മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വെല്ലുവിളിച്ച് പൊതുജനമധ്യത്തേക്കിറങ്ങിയ അന്‍വര്‍ ആവര്‍ത്തിച്ച് പറയുന്നത് ന്യൂനപക്ഷവേട്ട എന്ന ആരോപണമാണ്. പോലീസില്‍ ആര്‍എസ്എസ് വത്കരണമാണെന്നും പോലീസ്‌ സ്റ്റേഷനില്‍ എത്തിയാല്‍ ഒരു മുസ്ലിം വേട്ടയാടപ്പെടുമെന്നും അന്‍വര്‍ പറഞ്ഞുവയ്ക്കുന്നു.

മലപ്പുറം പരാമര്‍ശം വന്നതോടെ മുഖ്യമന്ത്രിക്ക് ആര്‍എസ്എസ് മനസാണെന്ന കടുത്ത ആരോപണവും അന്‍വര്‍ ഉന്നയിച്ചു കഴിഞ്ഞു. എഡിജിപി എംആര്‍ അജിത്കുമാര്‍ പിണറായിയുടെ അറിവോടെയാണ് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നും അതിനാലാണ് സിപിഐ ആവശ്യപ്പെട്ടിട്ടു പോലും അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും പറയുമ്പോള്‍ ആരും ഇത് വിശ്വിക്കുന്ന സാഹചര്യമാണ്.

അന്‍വറിനെ മുസ്ലിം വര്‍ഗീയവാദിയാക്കിയും നിലമ്പൂരിലെ പൊതുയോഗം വിജയിച്ചതിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണെന്നും പറഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിച്ച സിപിഎമ്മിന് ഏറ്റ തിരിച്ചടിയാണ് ഈ ആര്‍എസ്എസ് ആരോപണം. ഇതിനെ എങ്ങനെ പ്രതിരോധിക്കും എന്ന് തലപുകയ്ക്കുകയാണ് പാര്‍ട്ടി നേതൃത്വം. മലപ്പുറം പരാമര്‍ശത്തില്‍ തന്നെ വലിയ എതിര്‍പ്പുണ്ട്. ഇതിനൊപ്പമാണ് ആര്‍എസ്എസ് ഭാഷയെന്ന ആരോപണവും. ഇതോടെ കാലങ്ങളായി പണിയെടുത്ത് നേടിയ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനം നഷ്ടമാകുന്ന സ്ഥിതിയാണ്.

മലപ്പുറം ജില്ലയിലെ വോട്ട് ശതമാനം വര്‍ദ്ധിച്ചതിനൊപ്പം തന്നെ സമീപ ജില്ലകളിലെ പല നിയമസഭാ സീറ്റുകളിലും വിജയം ഉറപ്പിച്ചത് മുസ്ലിം വിഭഗത്തില്‍ നിന്നുള്ള പിന്തുണ കൊണ്ടാണ്. ഇത് നഷ്ടമാകുന്നത് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. ഒപ്പം തന്നെ സിപിഎമ്മിനെ എല്ലായിപ്പോഴും പിന്തുണച്ചിരുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പോലും മലപ്പുറം പ്രസ്താവനയിലും അന്‍വറിനെ കൈകാര്യം ചെയ്യുന്നരീതിയിലും അസ്വസ്ഥനാണ്.

ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം സിപിഎമ്മിനെ കഴിഞ്ഞ കുറച്ചു നാളുകളായി പിന്‍തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ കാലങ്ങളായി സിപിഎമ്മിന്റെ വോട്ടു ബാങ്കായിരുന്ന ഹിന്ദു ഭൂരിപക്ഷം പതിയെ അകന്ന് തുടങ്ങിയിട്ടുണ്ട്. ഇത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപി വോട്ടിലെ വര്‍ദ്ധനവ് തന്നെ വ്യക്തമാക്കുന്നതാണ്. സിപിഎമ്മും ഇതും മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ലോക്‌സഭാ പരാജയത്തിന്റെ പേരില്‍ ഈഴവ വോട്ടുകള്‍ ചോര്‍ന്നത് സംബന്ധിച്ച് സംസാരിച്ചതും. ഇപ്പോഴത്തെ വിവാദങ്ങളിലൂടെ ന്യൂനപക്ഷ സ്വാധീനം കൂടി നഷ്ടമായാല്‍ സിപിഎമ്മിന്റെ വോട്ട് ശതമാനത്തില്‍ അത് കാര്യമായ കുറവുണ്ടാക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top