കെ.കെ.ശൈലജയ്ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം; പ്രസംഗക്രമം പാലിക്കാന്‍ കഴിഞ്ഞില്ല

കണ്ണൂര്‍: കെ.കെ.ശൈലജയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ മട്ടന്നൂര്‍ മണ്ഡലത്തിലെ പര്യടനത്തില്‍ ശൈലജയുടെ അധ്യക്ഷ പ്രസംഗം നീണ്ടു പോയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്നു മട്ടന്നൂർ എം.എല്‍.എയായ കെ.കെ.ശൈലജ. മണ്ഡലത്തിലെ ഓരോ വികസന പ്രവര്‍ത്തനങ്ങളും എണ്ണി പറഞ്ഞാണ് ശൈലജ പ്രസംഗിച്ചത്. ഇത് നിശ്ചയിച്ചതിലും നീണ്ടു പോയി. ഇതിനു പിന്നാലെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജന്‍, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവരും സംസാരിച്ചു. ഇതിനു ശേഷം സംസാരിച്ചപ്പോഴാണ് മുഖ്യമന്ത്രി പരസ്യമായി തന്നെ വിമര്‍ശനം ഉന്നയിച്ചത്.
21 പേരുണ്ടെങ്കിലും 3 പേര്‍ സംസാരിക്കുക എന്ന ക്രമമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ആ ക്രമീകരണത്തില്‍ കുറച്ചു മാറ്റം വന്നു. എന്നും നിങ്ങളെ കാണുന്ന അദ്ധ്യക്ഷയ്ക്ക് കൂടുതല്‍ സംസാരിക്കണമെന്ന് തോന്നി. അതിനാല്‍ മറ്റ് എല്ലാം ചുരുക്കുകയാണ്. രണ്ട് മണിക്കൂറാണ് പ്രസംഗത്തിനായി മാറ്റി വച്ചിരിക്കുന്നത്. എല്ലായിടത്തും എത്താനുള്ളതിനാല്‍ ഇത് പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് നവകേരള സദസിനെ കുറിച്ചും ജനപങ്കാളിത്തത്തെ കുറിച്ചും സംസാരിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here