തിരിച്ചടി ഗവര്‍ണ്ണര്‍ക്കാണ് സര്‍ക്കാറിനല്ല; വിസി നിയമനം ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നത് സുപ്രീം കോടതി തള്ളി; മുഖ്യമന്ത്രി

പാലക്കാട് : കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാറിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാന്‍സലറായ ഗവര്‍ണ്ണറുടെ നടപടികളെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. വിസിയുടെ പുനര്‍നിയമനത്തെ സംബന്ധിച്ച മൂന്ന് നിയമപ്രശ്‌നങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്. പുനര്‍നിയമനമാകാം, പ്രായപരിധി ബാധകമല്ല, പുനര്‍നിയമനത്തിന് സെലക്ഷന്‍ /സെര്‍ച്ച് പാനല്‍ രൂപീകരിക്കേണ്ടതില്ല എന്നിങ്ങനെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങളില്‍ വിധി പ്രസ്താവിച്ചത്. ഇത് സംസ്ഥാന സര്‍ക്കാറിന്റെ നിലപാടുകളെ അംഗീകരിക്കുന്നതാണ്. ഗവര്‍ണര്‍ കോടതിയില്‍ പറഞ്ഞത് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നിയമനമാണ് താന്‍ നടത്തയതെന്നാണ്. എന്നാല്‍ സുപ്രീം കോടതി ആ വാദം തിരുത്തുകയാണ് ചെയ്തത്. വിധി വന്ന ശേഷവും പുനര്‍നിയമനം നിയമവിരുദ്ധമാണെന്ന് ഗവര്‍ണ്ണര്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറയുന്നത്. വിചിത്രമായ നിലപാടാണിത്. മറ്റേതോ ബാഹ്യ സമ്മര്‍ത്തിന് വഴങ്ങിയാണെന്ന തോന്നല്‍ പൊതുസമൂഹത്തിലുണ്ടാകുമെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രോ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ചാന്‍സലര്‍ക്ക് എഴുതിയ കത്താണ് ബാഹ്യ സമ്മര്‍ദ്ദമായി വ്യാഖ്യാനിക്കുന്നത്. ഒരേ നിയമത്തിന്‍ കീഴില്‍ വരുന്ന രണ്ട് അധികാരികള്‍ തമ്മില്‍ നടത്തുന്ന കത്തിടപാടുകള്‍ എങ്ങിനെ ബാഹ്യസമ്മര്‍ദ്ദമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. മന്ത്രി ഒരഭിപ്രായം പ്രകടിപ്പിച്ചാല്‍ അതു കാരണം ചട്ടവിരുദ്ധമായതെന്തോ ചെയ്യേണ്ടി വന്നു എന്ന് ചാന്‍സലര്‍ പറയുന്നത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതാണോയെന്ന് ചിന്തിക്കണം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ചാന്‍സലര്‍ക്ക് എത്തിച്ചു എന്നു പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് രാജ്ഭവനിലേയ്ക്ക് നിയമോപദേശം എത്തിച്ചത്. അത് ഗവര്‍ണ്ണര്‍ വാക്കാല്‍ ആവശ്യപ്പെട്ട പ്രകാരമാണ്. അതിനു മുമ്പ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ളവര്‍ ചാന്‍സലറെ സന്ദര്‍ശിച്ച് പുനര്‍നിയമനത്തെ സംബന്ധിച്ച സര്‍വ്വകലാശാല നിയമത്തിലെ വിവിധ വശങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയാണുണ്ടായത്. അതിനെയും സമ്മര്‍ദ്ദമായാണ് വ്യാഖ്യാനിക്കുന്നത്. സ്വയം തീരുമാനമെടുക്കാനുള്ള ചാന്‍സലറുടെ ഒരവകാശത്തെയും ഹനിക്കുന്ന ഒരു പ്രവര്‍ത്തനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഗവര്‍ണ്ണര്‍ വസ്തുതകളെ തെറ്റായി അവതരിപ്പിച്ചതിന്റെ പരിണിത ഫലമാണ് സുപ്രീം കോടതിയില്‍ നിന്നും അദ്ദേഹത്തിനു തന്നെ ഏറ്റ കനത്ത തിരിച്ചടിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top