‘കുടിശിക’യിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; സപ്ലൈകോയ്ക്ക് പണം നൽകാൻ ധനമന്ത്രിക്ക് നിർദേശം

തിരുവനന്തപുരം: സർക്കാർ കുടിശിക തീർക്കാത്തത് കാരണം പ്രതിസന്ധിയിലായ സിവിൽ സപ്ലൈസ് കോർപ്പറേഷന് (സപ്ലൈകോ ) ആശ്വാസമായി മുഖ്യമന്ത്രിയുടെ ഇടപെടൽ. മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചയായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്. സപ്ലൈകോയ്ക്ക് അടിയന്തരമായി പണം നൽകണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് മുഖ്യമന്ത്രി നിർദേശം നൽകി. സർക്കാർ കുടിശിക നൽകാത്തത് കാരണം സപ്ലൈകോയും വിതരണക്കാരും ഉപഭോക്താക്കളും ബുദ്ധിമുട്ടിലാണ് എന്ന വാർത്ത മാധ്യമ സിൻഡിക്കറ്റ് പുറത്ത് വിട്ടിരുന്നു.

സപ്ലൈകോയ്ക്ക് വിദ്യാഭ്യാസ വകുപ്പ് നൽകാനുള്ള കുടിശിക വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മന്ത്രിസഭാ യോഗത്തിൽ ഓർമിപ്പിച്ചു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി അരി വാങ്ങിയതിൽ 200 കോടി കുടിശികയുണ്ടെന്ന് വി. ശിവൻകുട്ടി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് സപ്ലൈകോയുടെ പ്രതിസന്ധി മത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായത്. പിന്നാലെ അടിയന്തര പരിഹാരത്തിന് മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു

ആറ് മാസത്തെ കുടിശികയായ 665.7കോടി നൽകാത്തത് കാരണം സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യുന്നത് മൊത്ത വിതരണക്കാർ നിർത്തിയിരുന്നു. തുടർന്ന് ടെൻഡറിൽ പങ്കെടുക്കാൻ പോലും കരാറുകാർ തയ്യാറായിരുന്നില്ല. പലയിടങ്ങളിലും 13 ഇന സബ്സിഡി സാധനങ്ങളിൽ അഞ്ച് എണ്ണം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. മൊത്തം 2700 കോടി രൂപയാണ് സംസ്ഥാന സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത്. ഇതിൽ 1525 കോടി രൂപ സബ്സിഡി ഉൽപന്നങ്ങൾ ഉറപ്പാക്കാൻ വേണ്ടിയാണ് സപ്ലൈകോ ചിലവാക്കിയിരിക്കുന്നത്. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ചെലവാക്കിയതിൽ 116.39 കോടി രൂപയാണ് കിട്ടാനാള്ളത്. കഴിഞ്ഞയാഴ്ച അനുവദിച്ച 54.17 കോടി രൂപ ഒഴിവാക്കിയുള്ള കണക്കാണിത്. നെല്ല് സംഭരണത്തിനായി ചെലവഴിച്ച 789 കോടി രൂപയും സർക്കാർ ഇതുവരെ നൽകിയിട്ടില്ല.

ആറ് മാസത്തെ കുടിശിക ഉടൻ തീർക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിറങ്ങാനുള്ള തീരുമാനത്തിലാണ് കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ വിതരണക്കാർ. ഇതിന് മുന്നോടിയായി കേരള പിറവി ദിനത്തിൽ സപ്ലൈകോ ആസ്‌ഥാനത്ത് സൂചനാ ധർണയും വിതരണക്കാർ നടത്തിയിരുന്നു. പല സപ്ലൈകോ കേന്ദ്രങ്ങളിലും സാധനങ്ങൾ കിട്ടാതെ വന്നതോടെ പ്രതിഷേധ പരിപാടികളുമായി ജനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സപ്ലൈകോയിൽ സാധനങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയും സമരത്തിൻ്റെ മുൻനിരയിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top