‘കൈകള്‍ ശുദ്ധമെങ്കിൽ മുഖ്യമന്ത്രി പേടിച്ചോടുന്നത് എന്തിന്’; മാസപ്പടി കേസിൽ മുഖ്യമന്ത്രിയും പ്രതിയാകുമെന്ന് വി.ഡി.സതീശൻ
കാഞ്ഞങ്ങാട്: മടിയില്‍ കനമില്ലെന്നും കൈകള്‍ ശുദ്ധമെന്നും പറഞ്ഞ മുഖ്യമന്ത്രി അന്വേഷണം വന്നപ്പോള്‍ പേടിച്ചോടുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാസപ്പടി കേസിൽ ഏത് അന്വേഷണവും നടക്കട്ടെയെന്നാണ് സിപിഎം പറഞ്ഞത്. എന്നിട്ടിപ്പോൾ അന്വേഷണം തടയാൻ കോടതിയിൽ പോയതെന്തിനെന്ന് സതീശൻ ചോദിച്ചു.
“മടിയില്‍ കനമില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. രണ്ടു കൈകളും ശുദ്ധമാണെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. മൂന്നാമതായി ഭാര്യയുടെ പെന്‍ഷന്‍ കിട്ടിയ കാശു കൊണ്ടാണ് ഐ.ടി കമ്പനി തുടങ്ങിയതെന്ന് പറഞ്ഞു. ഏത് അന്വേഷണവും നടക്കട്ടേയെന്നും പറഞ്ഞു. പക്ഷെ അന്വേഷണം വന്നപ്പോള്‍ കെ.എസ്.ഐ.ഡി.സിയെ കൊണ്ട് 25 ലക്ഷം രൂപ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകനെ വരുത്തി ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ചു. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മകളെക്കൊണ്ട് കര്‍ണാടക ഹൈക്കോടതിയിലും കേസ് കൊടുപ്പിച്ചു”; സതീശൻ പറഞ്ഞു. ഒരു സേവനവും ചെയ്യാതെ മകളുടെ കമ്പനിയിലേക്കും മകളുടെ അക്കൗണ്ടിലേക്കും പണം എത്തിയെന്നതാണ് കേസ്. ജോലി ചെയ്യാതെ വാങ്ങിയത് കള്ളപ്പണമാണ്. ഷെല്‍ കമ്പനി പോലെയാണ് എക്‌സാലോജിക് പ്രവര്‍ത്തിച്ചതെന്ന് സതീശൻ ആരോപിച്ചു. അതുകൊണ്ടു തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരവും അഴിമതി നിരോധന നിയമ പ്രകാരവുമാണ് അന്വേഷണം നടക്കേണ്ടത്. മുഖ്യമന്ത്രി കൂടി ഇതില്‍ പ്രതിയാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here