ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി; ‘ഞാൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരെ തടയുക അവരുടെ ജോലി’; മാധ്യമങ്ങള്‍ക്കും വിമര്‍ശനം
ആലപ്പുഴ : നവകേരള ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി. ഗണ്‍മാന്‍മാര്‍ ഇടപെടുന്നത് തന്റെ സുരക്ഷ ഉറപ്പാക്കാനാണ്. അത് ജോലിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.യു പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തല്ലുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ല. ബസിനടുത്തേക്ക് വന്നവരെ പോലീസ് യൂണിഫോമിട്ടവര്‍ തളളിമാറ്റുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ക്യാമറയുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ അസാധാരണമായി തന്റെ നേര്‍ക്ക് വന്നപ്പോഴാണ് ഗണ്‍മാന്‍ അനില്‍കുമാര്‍ തള്ളി മാറ്റിയത്. അതിനെ കഴുത്തിനു പിടിച്ച് തള്ളലാക്കി ചിത്രീകരിക്കുകയാണ്. പ്രത്യേക ഉദേശത്തോടെയുള്ള പ്രചരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അവരെ തടയുക സ്വാഭാവിക നടപടി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള യാത്രയ്ക്ക് മുന്നില്‍ കരിങ്കൊടിയുമായി വരേണ്ട കാര്യമില്ല. നാടിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. നവകേരള സദസിലേക്ക് പ്രതിപക്ഷത്തെ പലവട്ടം ക്ഷണിച്ചതാണ്. അപ്പോള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് ഒരു സഹകരണത്തിനും തയ്യാറല്ലെന്നാണ്. ഇപ്പോള്‍ ഇങ്ങനെയൊരു നിലപാട് എടുക്കേണ്ട സമയമല്ല. ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ്. അതിനെതിരെ യുഡിഎഫ് – എല്‍ഡിഎഫ് എന്ന വ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കണം. നാളത്തെ കേരളത്തിനു വേണ്ടിയുളള നിലപാടാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ചെയ്യുന്നതൊന്നും മാധ്യമങ്ങള്‍ കാണുന്നില്ല. നാടിന് എതിരായി എന്താണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കണം. തെറ്റുണ്ടെങ്കില്‍ ചൂണ്ടികാണിക്കാം. അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കരുത്. അത് നിര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here