ശ്രീ എമ്മിന്റെ യോഗ ഗവേഷണ കേന്ദ്രത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു; ആരംഭിക്കുന്നത് സർക്കാർ പാട്ടഭൂമിയിൽ, സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: യോഗാചാര്യൻ ശ്രീ എമ്മിന്റെ (മുംതാസ് അലി) നേതൃത്വത്തിലുള്ള ഇന്റർനാഷണൽ യോഗ ഗവേഷണ ഫൗണ്ടേഷന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 2021ലാണ് യോഗ സെന്റർ തുടങ്ങാൻ സംസ്ഥാന സർക്കാർ നാലേക്കർ ഭൂമി പത്തു വർഷത്തേക്ക് പാട്ടത്തിന് നൽകിയത്. ചെറുവയ്ക്കൽ വില്ലേജിലെ ഹൗസിങ് ബോർഡിന്റെ കൈവശമുള്ള ഭൂമിയാണ് 34,96,853 രൂപ വാർഷിക പാട്ടത്തിന് നൽകിയിരിക്കുന്നത്. മൂന്ന് വര്‍ഷം കൂടുമ്പോൾ പാട്ടം പുതുക്കണമെന്നാണ് വ്യവസ്ഥ.

കണ്ണൂരിൽ സിപിഎം- ആർഎസ്എസ് സംഘട്ടനങ്ങൾ ഒഴിവാക്കാൻ മധ്യസ്ഥത വഹിച്ചത് ആർഎസ്എസ് സഹയാത്രികനായ ശ്രീ എമ്മായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടെ പങ്കെടുപ്പിച്ചു കൊണ്ടാണ് മധ്യസ്ഥ ചർച്ചകൾ നടത്തിയത്. ഈ ചർച്ചകളുടെ ശ്രമഫലമായിട്ടാണ് കണ്ണൂരിലെ അക്രമങ്ങൾ ഒരളവോളം ശമിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിട്ടാണ് യോഗ സെന്റര്‍ ആരംഭിക്കാൻ സ്ഥലം അനുവദിച്ചത്. ആർഎസ്എസ് -സിപിഎം കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് ശ്രീ എമ്മിന്റെ സത്‌സംഗ് ഫൗണ്ടേഷന് ഭൂമി അനുവദിച്ചതെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. യോഗ സെന്ററിനായി 15 ഏക്കറായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂയെന്നും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും സർക്കാർ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവച്ചായിരുന്നു മധ്യസ്ഥ ചർച്ചകൾ നടന്നതെന്ന് പിന്നീട് വെളിപ്പെട്ടു. ആർഎസ്എസ് നേതാക്കളായ ഗോപാലൻകുട്ടി, വത്സൻ തില്ലങ്കേരി, എസ്.സേതുമാധവൻ, എ.രാധാകൃഷ്ണൻ എന്നിവർക്കൊപ്പം അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മധ്യസ്ഥ ചർച്ചയിൽ പങ്കെടുത്തു. മൂന്ന് ദശകത്തിനിടെ ആദ്യമായി ഇരുപാർട്ടികളും അക്രമങ്ങൾക്ക് അറുതി വരുത്താനുള്ള തീരുമാനത്തിൽ എത്തിയെന്നാണ് പിന്നീട് വന്ന വാർത്തകൾ. ഇരുസംഘടനകളും തമ്മിലുള്ള അവിശ്വാസം പറഞ്ഞുതീർക്കാൻ ശ്രീ എം മുൻകൈ എടുത്തതിലൂടെ അദ്ദേഹം പിണറായി വിജയന് പ്രിയപ്പെട്ടവനായി മാറി. ഇങ്ങനെയൊരു രഹസ്യയോഗം നടന്നതിനെക്കുറിച്ച് സിപിഎമ്മോ ആർഎസ്എസ്സോ പുറത്തു പറഞ്ഞിരുന്നില്ല. മാധ്യമപ്രവർത്തകനായ ദിനേശ് നാരായണൻ എഴുതിയ ‘ദി ആർഎസ്എസ് ആൻഡ് ദി മേക്കിങ് ഓഫ് ഡീപ് നേഷൻ’ എന്ന പുസ്തകത്തിലൂടെയാണ് മധ്യസ്ഥ ചർച്ചയുടെ വിവരങ്ങൾ പുറത്തുവന്നത്.

ആഗോളതലത്തിൽ യോഗയ്ക്ക് പ്രസക്തി കൂടിവരുന്ന സാഹചര്യത്തിൽ യോഗ ഗവേഷണ സെന്റർ തുറക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി ശിലാസ്ഥാപന ചടങ്ങിൽ പറഞ്ഞു. യോഗയിൽ കൂടുതൽ അറിവ് നേടാനും സംശയങ്ങൾ നിവാരണം ചെയ്യാനും ഗവേഷണ കേന്ദ്രം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. യോഗ ഗവേഷണ ഫൗണ്ടേഷനിൽ മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയുടെ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. തുടർന്ന് രാജീവ്ഗാന്ധി ബയോടെക്നോളജി സെന്ററിൽ ഇൻ്റർനാഷണൽ യോഗ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ‘യോഗ ഇൻ ലൈഫ് സയൻസ് ആൻഡ് ബീയോണ്ട്’ കൊളോക്യവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ശ്രീ എം, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു

Logo
X
Top