മന്ത്രി വീണയുടെ കുവൈത്ത് യാത്ര നിഷേധിച്ചത് നിര്‍ഭാഗ്യകരം; പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കുവൈത്ത് യാത്രയ്ക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് അനുമതി നിഷേധിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധമറിയിച്ച് കേരളം. നടപടി തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സയുള്‍പ്പെടെ ഏകോപിപ്പിക്കുന്നതിനാണ് സംസ്ഥാനത്തിന്റെ പ്രതിനിധിയായി വീണ ജോര്‍ജിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സിനുള്ള അഭ്യര്‍ത്ഥനയോട് കേന്ദ്രം പ്രതികരിക്കാതിരുന്നതിനാല്‍ യാത്രമുടങ്ങി. സംസ്ഥാന മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണ് അവഗണിക്കപ്പെട്ടതെന്നും കത്തില്‍ പറയുന്നു.

ജനങ്ങളോട് അടുത്ത് നില്‍ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിനെയാണ് ഇത്തരമൊരു ദുരന്തമുണ്ടാകുമ്പോള്‍ ആദ്യം സമീപിക്കുക. ആ ഗൗരവം കേന്ദ്രം കണക്കിലെടുത്തില്ല. കേരളത്തില്‍ നിന്നൊരു മന്ത്രി കൂടി കുവൈത്തില്‍ ഉണ്ടായിരുന്നെങ്കില്‍ വിദേശകാര്യ സഹമന്ത്രിയുമായും ഉദ്യോഗസ്ഥരുടെ സംഘവുമായും എംബസിയുമായും ബന്ധപ്പെടാന്‍ ദുരന്തബാധിതര്‍ക്ക് സഹായകമാകുമായിരുന്നു. എന്നാല്‍ ഈ അവസരങ്ങളെല്ലാം നിഷേധിച്ചത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. ഇത്തരം ദുരന്തങ്ങളുടെ സമയത്ത് രാഷ്ട്രീയം നോക്കിയുള്ള നടപടി ശരിയല്ല. ഭാവിയില്‍ ഇത്തരം നടപടികള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top