അമീബിക് മസ്തിഷ്‌ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം

സംസ്ഥാനത്ത് അമീബ് മസ്തിഷ്‌ക ജ്വരം ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഒന്നര മാസത്തിനിടെ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന 12 വയസ്സുകാരനായ ഇ.പി.മൃദുലാണ് അവസാനം മരണത്തിന് കീഴടങ്ങിയത്. ഫാറൂഖ് കോളജ് പരിസരത്തെ കുളത്തില്‍ കുളിച്ചതിനു ശേഷമാണ് കുട്ടിയില്‍ രോഗലക്ഷണം കണ്ടു തുടങ്ങിയത്. കണ്ണൂരിലെ വി.ദക്ഷിണ ജൂണ്‍ പന്ത്രണ്ടിനാണ് മരിച്ചത്. മുന്നാറില്‍ പഠനയാത്ര പോയ സമയത്ത് കുട്ടി സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്കു കാരണമായതെന്നാണു സംശയിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മേയ് 20 നാണ് മലപ്പുറം ഹസ്സന്‍ കുട്ടി- ഫസ്ന ദമ്പതികളുടെ മകള്‍ ഫദ്വ എന്ന അഞ്ച് വയസുകാരി മരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയി ല്‍ കുളിച്ച ഫദ്‌വയ്ക്ക് പനിയും തലവേദനയും പിടിപെടുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here