‘മൈക്ക്’ കേസ് അവസാനിപ്പിച്ച് പൊലീസ്; സാങ്കേതിക തടസ്സമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ്. സാങ്കേതിക പ്രശ്നമാണ് മൈക്ക് തടസ്സപ്പെടാന്‍ കാരണമെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇന്നലെ പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ജൂലെെ 25ന് വൈകിട്ട് അയ്യൻകാളി ഹാളിൽനടന്ന പരിപാടിയിൽ കന്റോൺമെന്റ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.

കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ 15 മിനിറ്റാണ് മൈക്കിൽനിന്ന് മുഴക്കം കേട്ടത്. ജൂലെെ 26ന് ഉച്ചയോടെ കന്റോൺമെന്റ് പൊലീസ് സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തു. പൊതുസുരക്ഷയെ ബാധിക്കും വിധം ബോധപൂർവം പ്രവർത്തിക്കുന്നവർക്കെതിരെയുള്ള പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പിലാണ് എഫ്ഐആർ. തുടർന്ന് മൈക്ക് ഓപ്പറേറ്ററായ എസ് രഞ്ജിത്തിൽനിന്ന് മൈക്കും ആംപ്ലിഫയറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ മൈക്കിന് തകരാറില്ലെന്ന് കണ്ടെത്തിയിരുന്നു. കേബിൾ വലിഞ്ഞ് ഉണ്ടായ സ്വാഭാവിക മുഴക്കമെന്നായിരുന്നു ഇലക്ട്രിക്കൽ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതിനിടെ നടപടി വിവാദമായതിനെ തുടർന്ന് കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിർദേശം നല്‍കിയിരുന്നു. സുരക്ഷാ പരിശോധനയല്ലാതെ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും ഉടമയ്ക്ക് തിരിച്ചുനൽകുകയും ചെയ്തു. പ്രധാനമന്ത്രിയുടെയും രാഹുൽഗാന്ധിയുടെയും പരിപാടികൾക്കായി മൈക്ക് നൽകുന്ന ഓപ്പറേറ്ററാണ് എസ് രഞ്ജിത്ത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top