തലസ്ഥാന മാറ്റം: സ്വകാര്യ ബില്‍ ചോർന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, ബിജെപി സഹായിച്ചു

കൊച്ചി: തലസ്ഥാന മാറ്റത്തിന് വേണ്ടി താന്‍ മുന്നോട്ടുവച്ച സ്വകാര്യബിൽ ചോർന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ഹൈബി ഈഡൻ എംപി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഒത്താശയോടെയാണ് ബിൽ മാധ്യമങ്ങള്‍ക്ക് ചോർത്തി നൽകിയതെന്നും എംപി ആരോപിച്ചു. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ നൽകിയ സ്വകാര്യ ബില്‍ വിവാദമായതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. 

”കേന്ദ്രസർക്കാരിന് മുന്നില്‍ സമർപ്പിച്ച ബില്ലാണിത്, പാർലമെന്റിൽ നോട്ടിസ് നൽകി ബില്ലിന്റെ സ്വകാര്യത സംരക്ഷിക്കപ്പെടണം. അത് അവതരിപ്പിച്ച ശേഷം മാത്രമേ സാരാംശം പോലും മാധ്യമങ്ങളോടു പറയാനാകൂ. അങ്ങനെയൊരു ബിൽ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് പുറത്തു പോയതെന്ന് എല്ലാവർക്കുമറിയാം”

ബിൽ ഇതുവരെ പിൻവലിച്ചിട്ടില്ല. സ്വകാര്യ ബില്ലുകൾ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവകാശമാണ്. പാർട്ടിയുമായി കൂടിയാലോചിച്ചല്ല അത് കൊടുക്കാറുള്ളത്. ബില്ലിനെ കുറിച്ച് പാർട്ടി ഔദ്യോഗികമായി ചോദിച്ചാൽ മറുപടി നൽകും. പാർട്ടിയെ പ്രതിരോധത്തിൽ ആക്കാൻ താൻ തയ്യാറല്ലെന്നും ഹൈബി വിശദീകരിച്ചു.

തലസ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് അക്കാദമികമായ ചർച്ചയാണ് താന്‍ ഉയർത്തിയത്. ഒരു ആശയം പ്രചരിപ്പിച്ച് അത് ചർച്ച ചെയ്യുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. സംസ്ഥാനത്തിന്റെ പകുതിയിലേറെ വരുമാനം ഉണ്ടാക്കി നൽകുന്ന കൊച്ചിക്ക് അർഹമായ സ്ഥാനം കിട്ടണമെന്നതാണ് തന്റെ ആവശ്യം. തന്റെ നീക്കം പാർട്ടിയുടെ നയപരമായ നിലപാടിന് എതിരാണെന്ന് ഔദ്യോഗികമായി അറിയിച്ചാൽ ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കും.

പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ബിൽ പിൻവലിക്കാനും തയ്യാറാണ്. പല നേതാക്കളും ഇതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നേതാക്കളുടെ സീനിയോരിറ്റി പരിഗണിച്ച് ഇപ്പോൾ അവർക്ക് മറുപടി പറയുന്നില്ല. അവർക്കെല്ലാം നൽകാൻ മറുപടിയുമുണ്ട്. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹൈബി കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top