സിഎഎ മുസ്ലീങ്ങളെ രണ്ടാം തരക്കാരാക്കും; സംസ്ഥാനം മുട്ടുമടക്കില്ല,പോരാടും; കോണ്‍ഗ്രസിന് ആത്മാര്‍ത്ഥയില്ലാത്ത സമീപനം; മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും വര്‍ഗീയ അജണ്ടയുടെ ഭാഗവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനെതിരെ ശക്തമായ നിയമ പോരാട്ടം സംസ്ഥാന സര്‍ക്കാര്‍ നടത്തും. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതാണ് ഈ നിയമം. മുസ്ലീങ്ങളെ രണ്ടാം തരക്കാരാക്കുന്നതാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ 2019 ല്‍ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയപ്പോള്‍ തന്നെ അതിനെതിരെ പ്രതിഷേധവുമായി കേരളമാകെ ഒന്നിച്ചു. ഇത്തരത്തില്‍ പ്രതിഷേധവും നിയമ പോരാട്ടവും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. രാജ്യത്താകെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ട്ടി അദ്ധ്യക്ഷയുടെ വീട്ടില്‍ വിരുന്നുണ്ണുകയായിരുന്നു. ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ കേരളത്തില്‍ നിന്നും അതിനെതിരെ സംസാരിച്ചത് ആലപ്പുഴ എംപി എ.എം ആരിഫ് മാത്രമാണ്. മറ്റുള്ളവര്‍ പ്രതികരിച്ചു എന്ന് വരുത്തി മൂലക്കിരിക്കുകയായിരുന്നു. നിയമം വിജ്ഞാപനം ചെയ്ത് രണ്ടു ദിവസം കഴിഞ്ഞിട്ടും കോണ്‍ഗ്രസ്സ് ഔദ്യോഗികമായി ഇതുവരെ ഒരു നിലപാടും പറഞ്ഞിട്ടില്ല. കേരളത്തില്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ ആയതുകൊണ്ട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് ബോധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആരില്ലെങ്കിലും കേരള സര്‍ക്കാര്‍ ഈ പോരാട്ടത്തിന്റെ മുന്‍നിരയില്‍ തന്നെ ഉണ്ടാകും. എന്ത് ത്യാഗം സഹിച്ചും പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ എടുത്ത കേസുകളില്‍ പിന്‍വലിക്കാത്തത് ഗുരുതരസ്വഭാവമുള്ള കേസുകള്‍ മാത്രമാണ്. മറിച്ചുളള പ്രചാരണം തെറ്റാണ്. സംസ്ഥാനത്ത് 835 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 629 കേസുകള്‍ ഇതിനോടകം കോടതിയില്‍ നിന്ന് ഇല്ലാതായി. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള 206 കേസുകളില്‍ 84 എണ്ണത്തില്‍ സര്‍ക്കാര്‍ ഇതിനോടകം പിന്‍വലിക്കാനുള്ള സമ്മതം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതില്‍ കോടതിയാണ് തീരുമാനം എടുക്കേണ്ടത്. അന്വേഷണ ഘട്ടത്തില്‍ ഉള്ളത് കേവലം ഒരേ ഒരു കേസ് മാത്രമാണ്. കേസ് തീര്‍പ്പാക്കാന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കണം. അങ്ങനെ അപേക്ഷ നല്‍കാത്തതും ഗുരുതരസ്വഭാവമുള്ളതുമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടതുമായ കേസുകള്‍ മാത്രമേ തുടരുന്നുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top