ഒടുവില്‍ തെറിച്ച് എഡിജിപി അജിത് കുമാര്‍; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി
ഒടുവില്‍ വിശ്വസ്തനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങള്‍ ഉയര്‍ന്ന് ഒരു മാസത്തിന് ശേഷം എഡിജിപി എംആർ അജിത്കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുത്തു. ക്രമസമാധാന ചുമതലയില്‍ നിന്നു നീക്കി ബറ്റാലിയൻ ചുമതലയിൽ നിയമിച്ചു. പകരം ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി നിയമിച്ചു.
അഴിമതി ആരോപണങ്ങൾ മുതൽ തൃശൂർ പൂരം അലങ്കോലമാക്കിയതിലും സ്വർണ്ണക്കടത്തിലും ഉള്ള പങ്ക് വരെ ഉന്നയിച്ച് അജിത് കുമാറിനെതിരെ പിവി അൻവർ രംഗത്ത് എത്തിയതോടെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ കസേര ഇളകി തുടങ്ങിയത്. ദത്താത്രേയ ഹൊസബളെ, രാം മാധവ് തുടങ്ങിയ ആർഎസ്എസ് നേതാക്കളെ അജിത് കുമാർ രഹസ്യമായി കണ്ടെന്ന ആരോപണം തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച് വൻ വിവാദമായതോടെ ഡിജിപിയെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിക്കും കഴിയാതെയായി.
പരസ്യ പ്രതിഷേധം ഉയർത്തിയ സിപിഐ അടക്കം ഘടകകക്ഷികളുടെ സമ്മർദത്തെ മറികടക്കാൻ അന്വേഷണം പൂർത്തിയാകട്ടെ എന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചെങ്കിലും ഒടുവിൽ ഇപ്പോൾ നടപടിക്ക് നിർബന്ധിതനായി. അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളില്‍ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കഴിഞ്ഞ ദിവസമാണ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
തൃശൂർ പൂരം അലങ്കോലമാക്കിയതിൽ അഞ്ച് മാസത്തിന് ശേഷം അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് തള്ളി ഡിജിപി അടക്കം പോലീസ് തലപ്പത്തെ മൂന്ന് ഉന്നതരുടെ നേതൃത്വത്തിൽ വിശദ അന്വേഷണം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എച്ച് വെങ്കിടേഷ് എന്നിവരാണ് നിലവിൽ ഈ വിഷയങ്ങൾ അന്വേഷിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here