വസ്തു വിറ്റ് കിട്ടിയ 14 ലക്ഷം രൂപ കണ്ടല ബാങ്കില്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍ ലഭിച്ചത് വിരമിച്ച ഉദ്യോഗസ്ഥന്‍റെ നമ്പര്‍

കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപം നടത്തിയവര്‍ വെള്ളം കുടിക്കുന്നു. നൂറു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നിട്ടുള്ള ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാന്‍ മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കിയിട്ടും ഫലമില്ലാത്ത അവസ്ഥയാണ്. മകളുടെ വിവാഹാവശ്യത്തിന് നിക്ഷേപം തിരികെ ലഭിക്കാന്‍ കഴിഞ്ഞ അഞ്ചിനാണ് വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ഒരു നമ്പര്‍ നല്‍കി ആ നമ്പറില്‍ ബന്ധപ്പെടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി നല്‍കിയത്. നമ്പറില്‍ വിളിച്ചപ്പോള്‍ ഒരു വര്‍ഷം മുന്‍പ് വിരമിച്ചു എന്ന മറുപടിയാണ് ഉദ്യോഗസ്ഥന്‍ നല്‍കിയത്. ഇനി എന്ത് ചെയ്യണം എന്ന അവസ്ഥയിലാണ് കാട്ടാക്കടയിലെ വിജയശേഖരന്‍ നായരുടെ ഭാര്യ കെ.എസ്.ശ്രീലേഖയും കുടുംബവും. വസ്തു വിറ്റ് കിട്ടിയ 14 ലക്ഷം രൂപയാണ് കണ്ടല ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷമാണ്‌ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. നിക്ഷേപം തിരികെ ലഭിക്കാന്‍ വിവാഹ ക്ഷണക്കത്ത് വച്ച് കണ്ടല ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ബാങ്കില്‍ നിന്ന് മറുപടി വന്നില്ല. പല തവണ ബാങ്കില്‍ കയറിറങ്ങിയിട്ടും ഫലമുണ്ടായില്ല. നിക്ഷേപത്തുക കിട്ടാതെ വന്നതോടെ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

വരുന്ന ഡിസംബറില്‍ മകളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നാണ് പരാതിയില്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top