കേരളീയത്തില്‍ ദുരൂഹത ഗവേഷണം ചെയ്യാൻ പോയവർക്ക് കാര്യം മനസിലായി; വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കേരളീയം പരിപാടിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചെന്നും നെഗറ്റീവ് വശങ്ങളല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയം 2023 സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം സമ്പൂര്‍ണ വിജയമായെന്നും എല്ലാ വര്‍ഷവും തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“കേരളീയത്തിനെതിരായി പ്രതികരണങ്ങളുണ്ടായെങ്കിൽ അത് പരിപാടിയുടെ പ്രശ്നമല്ല. മറിച്ച്, നമ്മുടെ നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ്. എന്നാൽ നമ്മുടെ നാട് നാം ഉദ്ദേശിച്ച തരത്തിൽ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാൻ നമുക്കായി. നമ്മുടെ നാടിന്റെ അഭിമാനകരമായ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ നമുക്കായി. ഇനിയങ്ങോട്ട് എല്ലാ വർഷവും കേരളീയം ആചരിക്കും. പരിപാടിയുടെ പിന്നിലെ ദുരൂഹത ഗവേഷണം ചെയ്യാൻ പോയവരുണ്ട്. അവർക്ക് ഇപ്പോൾ കാര്യം മനസ്സിലായിട്ടുണ്ടാവും” – വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസില്‍ വേദന തങ്ങി നില്‍ക്കുകയാണ്.പലസ്തീൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് എടുക്കാനാവില്ല. പൊരുതുന്ന പലസ്തീന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

“ഈ ഘട്ടത്തിൽ നമ്മുടെ മനസ്സിൽ വല്ലാത്തൊരു വേദന തങ്ങിനിൽക്കുന്നുണ്ട്. അത് പല്സ്തീൻ സഹോദരങ്ങൾ നേരിടുന്ന ദുരന്തത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു ജനവിഭാഗത്തെ ആകെ വംശനാശത്തിന്റെ രീതിയിൽ തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്. നമുക്കെല്ലാവർക്കുമറിയാം അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഈ പ്രവർത്തനം നടത്തുകയാണെന്ന്. ഈ വിഷയത്തിൽ നമുക്കാർക്കും നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാവില്ല. പലസ്തീനിൽ പൊരുതുന്ന ജനങ്ങളോടുള്ള ഐക്യദാർഢ്യം നമുക്ക് ഒറ്റക്കെട്ടായി പ്രഖ്യാപിക്കാം” – മുഖ്യമന്ത്രി പറഞ്ഞു.

കേരളീയത്തിലെ സെമിനാറുകള്‍ മുന്നോട്ട് വച്ചത് സർക്കാർ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സൂചനകളാണ്. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും എണ്ണപ്പെടുന്ന ഒരു മഹോത്സവമായി കേരളീയം മാറും. കേരളത്തിലെ ജനങ്ങളുടെ ഐക്യത്തിലൂടെ നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് നാം തെളിയിച്ചതാണ്. ഈ ഒരുമയും ഐക്യവും എല്ലാ കാലവും ഉണ്ടാകണം. കേരളീയത്തിൽ യുവാക്കളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ ആളുകളാണ് സംഘാടകരായി ഉണ്ടായിരുന്നത്. എന്നിട്ടും പൂര്‍ണ വിജയമായി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവർ തിരുവനന്തപുരത്ത് എത്തിച്ചേർന്നു. മഴയൊന്നും കണക്കാക്കാതെയും ജനങ്ങൾ പരിപാടികളിൽ പങ്കെടുത്തു. കേരളീയം വൻ വിജയമാക്കിയത് ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവംബർ 1 മുതൽ ഏഴ് ദിവസങ്ങളായി തലസ്ഥാനത്ത് നടത്തിയ കേരളീയ പരിപാടിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉൾപ്പെടെ ഉന്നയിച്ചത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോൾ കോടികള്‍ ചിലവിട്ട് കേരളീയം നടത്തുന്നത് ധൂർത്താണെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ വിമർശനം. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പരിപാടി ബഹിഷ്ക്കരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top