‘മലപ്പുറം പരാമർശത്തിന് പിന്നിൽ കരിപ്പൂർ വിമാനത്താവളം’; വിവാദ പ്രസ്താവനയുടെ കാരണം വെളിപ്പെടുത്തി പിണറായി

ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൽ തൻ്റെ മലപ്പുറം പരാമർശത്തെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിൽ വച്ച് ഇത്രയും സ്വർണം പിടികൂടി എന്ന് പറയുമ്പോൾ അത് ജില്ലയ്ക്ക് എതിരായുള്ള പ്രസ്താവനയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലാണ് കരിപ്പൂർ വിമാനത്താവളം ഉള്ളത്. അതുകൊണ്ടാണ് അങ്ങനെ പരാമർശം നടത്തിയത്. വിമാനത്താവളത്തെ പറ്റി പറയുന്നത് മലപ്പുറത്തെ വിമർശിക്കലല്ല. കണക്കുകൾ പറയുമ്പോൾ എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി മണ്ഡലത്തിലെ ഇടതു മുന്നണിയുടെ പ്രചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു.

സ്വർണക്കടത്ത് കേസുകൾ വീണ്ടും എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു ചേലക്കയരിൽ മുഖ്യമന്ത്രിയുടെ പ്രസംഗം. കരിപ്പൂർ വിമാനത്താവളം വഴി വൻതോതിൽ സ്വർണം, ഹവാല പണം എല്ലാം എത്തുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്വാഭാവികമായും ഇത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് തടയുമ്പോൾ എന്തിനാണ് വല്ലാതെ വേവലാതിപ്പെടുന്നതെന്നും പിണറായി പറഞ്ഞു.

മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാൻ എല്ലാകാലത്തും ശ്രമിച്ചിട്ടുള്ളത് സംഘപരിവാർ ആയിരുന്നു. അന്ന് ആ പ്രചരണത്തോടൊപ്പം കോൺഗ്രസും നിന്നിരുന്നു. അന്നത്തെ മലബാറിലെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇഎംഎസ് നേതൃത്വം കൊടുത്ത സർക്കാർ മലപ്പുറം ജില്ല രൂപീകരിച്ചത്. അതിനെ സംഘപരിവാറും കോൺഗ്രസും പൂർണമായും അതിനെ ഒരു പോലെ എതിർത്തു. ‘കൊച്ച് പാകിസ്താൻ’ എന്ന് മലപ്പുറത്തെ വിളിച്ചത് ആരായിരുന്നുവെന്ന് ഓർമയില്ലേ. മലപ്പുറത്തെ മറ്റൊരു രീതിയിൽ ചിത്രീകരിച്ചുകൊണ്ട് പ്രചരണങ്ങൾ ഈ വാദഗതിക്കാർക്ക് കരുത്ത് പകരുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മലപ്പുറം ജില്ലാ രൂപീകരണം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയിൽ ഏതു കുറ്റകൃത്യം ഉണ്ടായാലും അത് മറ്റു ജില്ലയിൽ ഉണ്ടാകുന്നത് പോലെയാണ്. അത് ഒരു സമുദായത്തിന്റെ കുറ്റകൃത്യമല്ല. അങ്ങനെ ഒരു സമുദായത്തിനെ ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള നിലപാട് ഒരു ഘട്ടത്തിലും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.


ആർഎസ്എസും സംഘപരിവാറും ശ്രമിക്കുന്നത് വർഗീയ വേർതിരിവ് ഉണ്ടാക്കാനാണ്. മലപ്പുറത്തിനെതിരെ ഇപ്പോഴുള്ള പ്രചാരണവും വർഗീയ വേർതിരിവ് ഉണ്ടാക്കുന്നതിന്‍റെ ഭാഗമാണ്. കുറ്റകൃത്യങ്ങൾ ഏതെങ്കിലും സമുദായത്തിൻ്റെ പിടലിക്ക് വയ്ക്കരുതെന്നും പിണറായി ഉപതിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top