സമരത്തിനിറങ്ങാന്‍ മുഖ്യമന്ത്രിയും; കേന്ദ്ര അവഗണനക്കെതിരെ പിണറായിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്ര സർക്കാറിൻ്റെ അവഗണക്കെതിരെ സമരത്തിനിറങ്ങാൻ മുഖ്യമന്ത്രിയും. കേരളത്തോടുള്ള അവഗണക്കെതിരെ ഡൽഹിയിലെ ഭരണസിരാകേന്ദ്രത്തിന് മുന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽഡിഎഫ് സമരത്തിനിറങ്ങുന്നത്. ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജനാണ് ഈ വിവരം അറിയിച്ചത്. എൽഡിഎഫ് എംഎൽഎമാരും എം.പിമാരും സമരത്തിന്റെ ഭാഗമാകും. മുന്നണി യോഗത്തിന് ശേഷമാണ് ജയരാജൻ്റെ പ്രഖ്യാപനം.

ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന – ജില്ലാ അടിസ്ഥാനത്തിൽ കൺവെൻഷനുകളും സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പ​ങ്കെടുക്കുന്ന നവകേരള സദസിനിടെ തന്നെ ഈ പരിപാടിയും നടക്കും. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരും പരിപാടിയിൽ പ​ങ്കെടുക്കണമെന്ന് ഇ.പി. ജയരാജൻ അഭ്യർത്ഥിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 58000 കോടി രൂപ നല്‍കാനുണ്ട്. അതിനെപ്പറ്റി കേരളം ജയിപ്പിച്ച് വിട്ട 19 യുഡിഎഫ് എംപിമാര്‍ മിണ്ടുന്നില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി.

അർഹതപ്പെട്ട പണം പോലും കേന്ദ്രം നൽകുന്നില്ല. ഇതുമൂലം സംസ്ഥാന സർക്കാർ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. കേരള സർക്കാർ നികുതി കുടിശിക പിരിക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്നും ഇടതുമുന്നണി കൺവീനർ പറഞ്ഞു. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്യൂണിസ്റ്റ് സർക്കാറിന്റെ കാലം മുതലുള്ള നികുതി കുടിശിക പിരിച്ചെടുക്കാത്തവയിൽ പ്രതിപക്ഷം കണക്കാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളീയരുടെ ജീവിത നിലവാരമുയര്‍ത്തണം, ദരിദ്രരില്ലാത്ത സംസ്ഥാനമാക്കണം. ഈ വര്‍ഷം 71000 കോടി രൂപയാണ് സര്‍ക്കാര്‍ പിരിച്ചെടുത്തത്. ക‍ഴിഞ്ഞ വര്‍ഷം 48000 കോടി രൂപയും സര്‍ക്കാര്‍ പിരിച്ചെടുത്തു. കേരളം കുടിശ്ശിക പിരിക്കുന്നില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് തെറ്റാണെന്നും കേരള വിരോധികളുടെ വ്യാഖ്യാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top