സംസ്ഥാന സെക്രട്ടറിക്ക് പിന്നാലെ മുഖ്യമന്ത്രിയും തള്ളി; ഇപി വീണ്ടും പ്രതിരോധത്തില്‍

ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് ഇ.പി.ജയരാജനെ മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ടെന്ന് വ്യക്തമാക്കിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ്. എന്നാല്‍ ഗോവിന്ദന്‍റെ നിലപാട് മുഖ്യമന്ത്രിയും ശരിവച്ചതോടെ വെട്ടിലാകുന്നത് ഇപിയാണ്. ഗോവിന്ദനെ പ്രതിരോധിച്ചുകൊണ്ടിരുന്ന ജയരാജന് കടുത്ത തിരിച്ചടിയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഇ.പി.ജയരാജന് തെറ്റുപറ്റി എന്നും ഇപിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നുമാണ് മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞത്. പാ​ര്‍​ട്ടി തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇപിക്ക് ഒപ്പം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

Also Read: ഇപിക്കും ദിവ്യക്കും തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി; ഇരുവര്‍ക്കും എതിരെയുള്ള പാര്‍ട്ടി നടപടി ശരിയായ രീതിയില്‍

കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ദിവ്യക്ക് തെറ്റുപറ്റി. ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ല. വിളിക്കാത്ത പരിപാടിക്ക് പോയി. കാര്യങ്ങള്‍ അവതരിപ്പിച്ചു. ഇത് ശരിയായ നടപടിയായിരുന്നില്ല. ദിവ്യക്ക് എതിരായ ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചു. അതെല്ലാം ശരിവയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി പറഞ്ഞു.

താന്‍ എന്തെങ്കിലും കുഴപ്പം കാണിച്ചോ എന്ന് ഗോവിന്ദന്‍ പറയട്ടെ എന്നാണ് ഇപി പറഞ്ഞത്. കേന്ദ്ര കമ്മിറ്റി അംഗമായ തനിക്ക് എതിരെ കേന്ദ്രകമ്മറ്റി എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയര്‍ ആയ ഗോവിന്ദനെ പിബി അംഗമായി ഉയര്‍ത്തിയതില്‍ ഇപി ഏറെക്കാലമായി കടുത്ത പ്രതിഷേധത്തിലാണ്. ഇത് ഇപിയുടെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചു എന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം ഇപി സ്ഥിരീകരിച്ചത് സിപിഎമ്മിന് കടുത്ത തിരിച്ചടിയാണ് നല്‍കിയത്. ഇതിലും പാര്‍ട്ടിക്കുള്ളില്‍ കനത്ത അമര്‍ഷമുണ്ടായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി സിപിഎമ്മിനേറ്റ കനത്ത പരാജയം പോലും ജയരാജന്റെ പ്രസ്താവനയുമായി കൂട്ടിവായിക്കപ്പെട്ടു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇപിയെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പാര്‍ട്ടി നീക്കം ചെയ്തത്. ഗോവിന്ദനെ തള്ളിയപോലെ മുഖ്യമന്ത്രിയെയും ഇപി തള്ളിക്കളയുമോ എന്നാണ് ഇനി അറിയാനുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top