സിപിഎം അക്കൗണ്ട് മരവിപ്പിച്ചതുകൊണ്ട് സുരേഷ് ഗോപി വിജയിക്കില്ല; മോദിയുടെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

കൊതമംഗലം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം അക്കൗണ്ട് മരവിപ്പിച്ചാല്‍ രക്ഷയുണ്ടാകുമെന്ന് ബിജെപി ചിന്തിച്ചിട്ടുണ്ടാകും. എന്നാല്‍ സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാന്‍ പോകുന്നില്ല. സുരേഷ് ഗോപി തീര്‍ച്ചയായും പരാജയപ്പെടും. പത്ത് വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് വച്ച് വോട്ട് ചോദിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു,
കേരളത്തോട് ബിജെപിക്ക് വിദ്വേഷ സമീപനമാണ്. കേരളത്തിന്‍റെ സഹകരണ മേഖലയോട് ബിജെപിക്ക് അവരുടെതായ നിലപാട് ഉണ്ട്. കേരളത്തെ തകര്‍ക്കുകയാണ് നിലപാട്. കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് 117കോടിയോളം രൂപ തിരിച്ചുനല്‍കിയിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയത് സംസ്ഥാന സഹകരണ വകുപ്പ് തന്നെയാണ്. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചതും സംസ്ഥാന സര്‍ക്കാരാണ്. ഇതൊന്നും പ്രധാനമന്ത്രിക്ക് മനസിലാകാത്തത് കൊണ്ടല്ല. തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് പറയുന്നതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
നല്‍കിയ വാഗ്ദാനങ്ങളെല്ലാം ബിജെപി പാലിച്ചുവെന്നാണ് അവകാശപ്പെടുന്നത്. 10 വർഷം കൊണ്ട് ആര്‍ക്ക് നല്‍കിയ വാഗ്ദാനം ആണ് നടപ്പാക്കിയത്. 10 ലക്ഷം കോടിയുടെ കോര്‍പ്പറേറ്റ് ലോണ്‍ എഴുതിത്തള്ളിയത്തിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ് രാജ്യത്ത് ഗ്യാരണ്ടി കിട്ടിയത്. ബിജെപി പ്രകടന പത്രികയോടുള്ള ജനകീയ വിചാരണയാകും ഈ തിരഞ്ഞെടുപ്പ്. പത്രികയിലെ വിഭാഗീയ സമീപനമാണ് ബിജെപി കേരളത്തോടും കാണിക്കുന്നത്. കടമെടുപ്പ് പരിധിയിൽ കേരളത്തിന് തിരിച്ചടിയുണ്ടായെന്നാണ് മോദി പറയുന്നത്. കടമെടുപ്പ് നിയമസഭയുടെ അവകാശമാണ്. അതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇത് ചോദ്യം ചെയ്താണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന നിലപാട് അംഗീകരിച്ച് വിശദമായ വാദത്തിന് അഞ്ചംഗ ബെഞ്ച് വേണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇതിലെവിടെയാണ് തിരിച്ചടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here