മുഖ്യമന്ത്രിയുടെ ശമ്പളം ഒരു ലക്ഷത്തിലധികം; വിദേശ യാത്രക്ക് ആരുടേയും സഹായം വേണ്ടെന്ന് ബാലന്‍; ഭൂമി ഉണ്ടാക്കിയ ദൈവം പോലും വിശ്രമിച്ചെന്നും പ്രതികരണം

തിരുവനന്തപുരം: പിണറായിയും കുടുംബവും നടത്തുന്ന വിദേശയാത്രയെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ശമ്പളം വെളിപ്പെടുത്തി മുന്‍ മന്ത്രി എ.കെ.ബാലന്‍. മുഖ്യമന്ത്രിക്ക് ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതിനാല്‍ വിദേശയാത്രക്ക് മറ്റാരുടേയും സഹായം ആവശ്യമില്ലെന്നും ബാലന്‍ വിശദീകരിച്ചു. ബാലന്റെ വാക്കുകളോടെ മുഖ്യമന്ത്രിയുടെ ശമ്പളവും ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
മുഖ്യമന്ത്രിയുടെ സ്പോണ്‍സര്‍ ആരെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഇടതുമുന്നണി കണ്‍വീനറും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ ഇ.പി.ജയരാജന്‍ പറഞ്ഞത്. ഇതോടെയാണ് വിദേശയാത്രയെ ചൊല്ലിയുള്ള ചര്‍ച്ച സജീവമായത്. മറ്റാരുടെയോ ചിലവില്‍ മുഖ്യമന്ത്രിയും കുടുംബവും യാത്ര നടത്തുന്നതെന്ന പ്രതീതിയാണ് വന്നത്. അത് സത്യപ്രതിജ്ഞാ ലംഘനമാണെന്നആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് എ.കെ.ബാലന്റെ പുതിയ വിശദീകരണം. ബാലന്റെ വാക്കുകള്‍ ഇങ്ങനെ: “വിദേശത്തേക്ക് പോകാന്‍ ഇപ്പോള്‍ വലിയ ചെലവില്ല. മുഖ്യമന്ത്രിക്ക് ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളമുണ്ട്. പിന്നെ വിദേശയാത്രക്ക് പോകാന്‍ എന്താണ് ബുദ്ധിമുട്ട്.” – ബാലന്‍ പറഞ്ഞു.
വിദേശയാത്രയുടെ ചിലവിന്റെ സ്രോതസ് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ആരോപണമാണ് ബാലന്‍ തള്ളിക്കളഞ്ഞത്. “ആലയില്‍ നിന്നും ഇറക്കിയ പശുവിനെയും കുട്ടികളെയും പോലെ എന്ന വാക്കാണ് സുധാകരന്‍ ഉപയോഗിച്ചത്. അതിന് മറുപടി ഇല്ലാഞ്ഞിട്ടല്ല. സുധാകരന്‍ കുറെ വിദേശയാത്ര നടത്തിയിട്ടുണ്ട്. ആ അനുഭവമാണ് സുധാകരന്‍ പറഞ്ഞത്. ക്രിസ്റ്റല്‍ ക്ലിയര്‍ ആയിട്ടാണ് മുഖ്യമന്ത്രി യാത്ര നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുണ്ട്. പാര്‍ട്ടിയുടെ അനുമതിയുമുണ്ട്. ഇനി സുധാകരന്റെ അനുമതി വേണോ?”
“ഇത്ര വ്യക്തത വരുത്തിയിട്ടും സംശയം തീരാത്തത് മാധ്യമങ്ങളുടെ തകരാറാണ്. സ്വകാര്യ യാത്രയാണെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞു. പിന്നെ എന്തിനാണ് ഇത്ര സംശയം. മുന്‍പും മന്ത്രിമാര്‍ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അന്നൊന്നും ഇത്ര വിവാദം ഉണ്ടായില്ലല്ലോ? നവകേരള യാത്രക്കായി മുഖ്യമന്ത്രി 30 ദിവസം തുടര്‍ച്ചയായി യാത്ര നടത്തി, പ്രസംഗിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. അദ്ദേഹം ഒന്നു വിശ്രമിക്കട്ടെ. ആറു ദിവസം കൊണ്ട് ഭൂമി ഉണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ? പിണറായി വിജയാ എന്ന് വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ കഴിയുന്ന സ്ഥലം തന്നെയാണ് ഇന്തോനേഷ്യ. എറണാകുളത്തേക്ക് ട്രെയിന്‍ പോകുന്ന സമയം കൂടി വേണ്ട ഇന്തോനേഷ്യയില്‍ എത്താന്‍. ഈ വിവാദം നിങ്ങള്‍ ഇവിടെ വച്ച് അവസാനിപ്പിക്കണം.” – ബാലന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here