ഏക സിവില്‍ കോഡ്; ‘കോണ്‍ഗ്രസിന്റേത് ഒളിച്ചോട്ടതന്ത്രം’, വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎമ്മിനെതിരായ കോണ്‍ഗ്രസിന്റെ അധിക്ഷേപം ഒളിച്ചോട്ട തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപിയെ എതിര്‍ക്കുന്നതിലപ്പുറം രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയങ്ങളില്‍ നിലകൊള്ളാന്‍ കോണ്‍ഗ്രസ് മടിക്കുകയാണെന്നും വാര്‍ത്തക്കുറിപ്പിലൂടെ പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചു.

ഹിമാചല്‍ മന്ത്രികൂടിയായ കോണ്‍ഗ്രസ്സ് നേതാവ് വിക്രമാദിത്യ സിംഗ് ഏകസിവില്‍ കോഡിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമാണോ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നിലപാടെന്നും മുഖ്യമന്ത്രി ചോദ്യമുന്നയിച്ചു. ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനനുകൂലമായ സുപ്രിം കോടതിവിധി അസാധുവാക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ജനാധിപത്യ വിരുദ്ധ ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ്സ് ഫലത്തില്‍ അനുകൂലിക്കുകയാണ്. ഭരണഘടനാ തത്വങ്ങളെപ്പോലും അട്ടിമറിക്കാന്‍ മടിക്കില്ലെന്ന പ്രഖ്യാപനമാണ് സംഘപരിവാര്‍ ഈ ഓര്‍ഡിനന്‍സിലൂടെ നടത്തിയത്.

എന്നാല്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ നിലപാടെടുക്കാനാണ് കോണ്‍ഗ്രസ്സിന്റെ ഡല്‍ഹി, പഞ്ചാബ് ഘടകങ്ങള്‍ തീരുമാനിച്ചത്. ദേശീയ നേതൃത്വവും ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ തയ്യാറായില്ല. ഏക സിവില്‍ കോഡ് വിഷയത്തിലും ഇതേ വഞ്ചനാപരമായ നിലപാടാണ് കോണ്‍ഗ്രസ്സ് പിന്തുടരുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

കുറുക്കന്‍ കോഴിയുടെ സുഖമന്വേഷിക്കാന്‍ പോകുന്നതുപോലെയാണ് സിപിഐഎം ന്യൂനപക്ഷ സംരക്ഷണത്തിനിറങ്ങിയിരിക്കുന്നതെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്ഥാവനയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഏക സിവില്‍ കോഡ് വിഷയത്തിലെ സിപിഐഎം നിലപാട് ഇരട്ടത്താപ്പാണെന്നായിരുന്നു സുധാകരന്റെ ആരോപണം. 1985-ലെ ഷബാനു കേസില്‍ ഏക സിവില്‍ കോഡിന് വേണ്ടി വാദിച്ച് ഹിന്ദു വര്‍ഗീയത ഇളക്കിവിടുകയാണ് ഇഎംഎസ് ചെയ്തതെന്നും ഇന്നും ആ നിലപാട് തള്ളിപ്പറയാന്‍ സിപിഐഎം തയ്യാറായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നതാണ് ഏക സിവില്‍ കോഡ്. വൈവിധ്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് ബിജെപി ഏക സിവില്‍ കോഡിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ കേരളത്തില്‍ വ്യക്തിനിയമം മുസ്ലീങ്ങളെ മാത്രം ബാധിക്കുന്നതാണ് എന്ന് പറഞ്ഞ് വര്‍ഗീയ ധ്രുവീകരണത്തിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കെപിസിസി എക്‌സിക്യൂട്ടീവ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top