ഫോണ്‍ ചോര്‍ത്തല്‍ കെഎം എബ്രഹാമിന്റെ സ്ഥിരം പരിപാടി; മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലും തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ഫോണ്‍ രേഖകള്‍ ഉണ്ടെന്ന് അവകാശവാദം

തനിക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനല്‍കി. പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തിലാണ് തനിക്കെതിരേ ഗൂഢാലോചന നടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കുകൂടി ഗൂഢാലോചനയില്‍ പങ്കുണ്ട്. താന്‍ ധനവകുപ്പ് സെക്രട്ടറിയായിരിക്കേ, ഇവരുടെ അഴിമതി കണ്ടെത്തിയിരുന്നു. മൂന്നുപേരും സംസാരിച്ച ഫോണ്‍വിളികളുടെ ശബ്ദരേഖാ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ ഒമ്പത് പേജില്‍ എബ്രഹാം അവകാശപ്പെടുന്നത്. പണ്ടും എതിരാളികള്‍ക്കെതിരെ ഫോണ്‍ രേഖകള്‍ ആയുധമാക്കിയ വ്യക്തിയാണ് കെ എം എബ്രഹാം.

തനിക്കെതിരെ ഗൂഢാലോചന നടത്തിയവരുടെ കോള്‍ ഡേറ്റ റെക്കോര്‍ഡ്‌സ് (Call Data Records – CDR ) തന്റെ പക്കലുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഈ മാസം 15ന് നല്‍കിയ കത്തില്‍ എടുത്തു പറയുന്നുണ്ട്. തന്റെ ചില സോഴ്‌സുകളില്‍ നിന്നാണ് ടെലിഫോണ്‍ രേഖകള്‍ കിട്ടിയതെന്നാണ് കത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നത്. ഹൈക്കോടതിയില്‍ പരാതി കൊടുക്കുന്നതിന് മുമ്പായി ഗൂഢാലോചനക്കാര്‍ ഏതാണ്ട് 10000 സെക്കണ്ട് സ് സംസാരിച്ചിട്ടുണ്ട്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഏതാണ്ട് 4000 സെക്കണ്ട്‌സ് സംസാരിച്ചിട്ടുണ്ടെന്നും കെഎം എബ്രഹാം പറയുന്നുണ്ട്. വ്യക്തികളുടെ ഫോണ്‍ ചോര്‍ത്താന്‍ കെഎം എബ്രഹാമിന് ആരാണ് അധികാരം നല്‍കിയത്? സര്‍ക്കാര്‍/ സ്വകാര്യ ടെലിഫോണ്‍ കമ്പിനികളില്‍ നിന്ന് സിഡിആര്‍ ചോദിച്ചു വാങ്ങാന്‍ ആരാണ് കെഎം എബ്രഹാമിനെ ചുമതലപ്പെടുത്തിയത് എന്നൊക്കെയുള്ള ഗുരുതരമായ നിയമ ലംഘനങ്ങളെ പറ്റിയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. സര്‍ക്കാര്‍ അനുമതിയില്ലാതെ ഫോണ്‍ ചോര്‍ത്തല്‍ ഗുരുതരമായ കുറ്റമാണെന്ന് അറിയാവുന്ന വ്യക്തിയാണ് തന്റെ പക്കല്‍ പരാതിക്കാരുടെ ഫോണ്‍ രേഖകള്‍ ഉണ്ടെന്ന് സംസ്ഥാന മുഖ്യമന്ത്രിയോട് തുറന്ന് പറയുന്നത്.

സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് – സെബി (Securities and Exchange Board of India – SEBl) യിലെ അംഗമായിരുന്ന കാലത്ത് കെഎം എബഹാം അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി, അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ഒമിത പോള്‍, സെബി ചെയര്‍മാന്‍ യുകെ സിന്‍ഹ എന്നിവര്‍ക്കെതിരെ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന് പരാതി അയച്ചിരുന്നു. പ്രണബിന് താല്‍പ്പര്യമുള്ള ചില കമ്പിനികളുടെ ഓഹരി ഇടപാടുകളില്‍ അനധികൃതമായി ഇടപെടുന്നു എന്നായിരുന്നു ഏബ്രഹാമിന്റെ പരാതി. ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ധനകാര്യ വകുപ്പിലെ എക്കണോമിക് അഫയേഴ്‌സിലെ സെക്രട്ടറി ആര്‍ ഗോപാലനെ ചുമതലപ്പെടുത്തിയിരുന്നു.
( R. Gopalan, secretary, department of economic affairs) സെബി ചെയര്‍മാനായ യുകെ സിന്‍ഹ 2011 ജൂലൈ 8 ന് നല്‍കിയ മറുപടിയില്‍ ഏബ്രഹാമിന്റെ പക്കല്‍ ഫോണ്‍ ചോര്‍ത്തലിന് ഉപകരണമുണ്ടെന്ന് തന്നോട് അവകാശപ്പെട്ടതായി എഴുതിയിരുന്നു. 2011 ഓഗസ്റ്റ് 31 ലെ ഇന്ത്യാ ടുഡേ മാഗസിനില്‍ ഇക്കാര്യം വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തന്റെ കുടുംബത്തിന്റെ സുരക്ഷയില്‍ അതീവ ആശങ്കയിലാണെന്ന് എബ്രഹാം പറഞ്ഞിരുന്നു. എല്ലാ ഫോണ്‍ കോളുകളും താന്‍ റിക്കോര്‍ഡ് ചെയ്യാറുണ്ട്. അതിനു പുറമേ വ്യക്തികള്‍ അറിയാതെ അവരുടെ സ്വകാര്യ ഫോണ്‍ കോളുകള്‍ ചോര്‍ത്താനുള്ള ഉപകരണം തന്റെ പക്കലുണ്ട്. ഈ പരിപാടി ആധാര്‍മ്മികവും ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റമാണെന്നും അദ്ദേഹത്തോട് പറഞ്ഞതായി യുകെ സിന്‍ഹയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
താന്‍ കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരെ മര്യാദ പഠിപ്പിക്കുമെന്ന് ഏബ്രഹാം പറഞ്ഞതായി യുകെ സിന്‍ഹ വെളിപ്പെടുത്തുന്നുണ്ട്. ഏബ്രഹാമിന്റെ പെരുമാറ്റത്തില്‍ താന്‍ അത്ഭുതപ്പെട്ടതായി സിന്‍ഹ ആര്‍ ഗോപാലന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്ത് ആരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തുന്നത് എളുപ്പമല്ല. അതു വേണമെങ്കില്‍ പൊലീസും സര്‍വീസ് പ്രൊവൈഡറും കര്‍ശന നടപടിക്രമം പാലിക്കണം. അതേസമയം ഫോണ്‍വിളിയുടെ വിശദാംശം ശേഖരിക്കൽ (സിഡിആര്‍) താരതമ്യേന എളുപ്പമാണ്, പ്രത്യേകിച്ചു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്.
ഫോണ്‍ ചോര്‍ത്തല്‍ എന്നാല്‍ സര്‍വീസ് പ്രൊവൈഡറിനു (ബിഎസ്എന്‍എല്‍, എയര്‍ടെല്‍ തുടങ്ങിയവ) മേലുദ്യോഗസ്ഥരുടെ അനുമതിയോടെ നിശ്ചിത ഫോമില്‍ കത്തു നല്‍കി 2 മാസം വരെ തുടര്‍ച്ചയായി ആ നമ്പറിലേക്കു വരുന്നതും തിരികെ വിളിക്കുന്നതുമായ എല്ലാ സംഭാഷണവും റിക്കോര്‍ഡ് ചെയ്തു കൈമാറുന്ന രീതിയാണ്. നടപടിക്രമം സങ്കീര്‍ണമായതിനാല്‍ ആരുടെയെങ്കിലും ഫോണ്‍ സംഭാഷണം തുടര്‍ച്ചയായി ചോര്‍ത്താന്‍ കഴിയില്ല.

ക്രമസമാധാനച്ചുമതലയുള്ള ഡിഐജി മുതല്‍ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമാണു ഫോണ്‍ ചോര്‍ത്താന്‍ അധികാരം. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ആരുടെയും ഫോണ്‍ 7 ദിവസത്തേക്കു ചോര്‍ത്താം. എന്നാല്‍, ചോര്‍ത്തിത്തുടങ്ങി 3 ദിവസത്തിനകം ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കണം. ദേശീയ- ആഭ്യന്തര സുരക്ഷാ ഭീഷണി, ഗുരുതര ക്രമസമാധാനപ്രശ്‌നത്തിനുള്ള സാധ്യത, രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധം തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഫോണ്‍ ചോര്‍ത്താനാണ് അനുമതിയുള്ളത്.

ഇങ്ങനെ സങ്കീര്‍ണമായ നടപടിക്രമങ്ങളും കര്‍ശനമായ നിയമവും നിലനിവില്‍ ഉള്ളപ്പോഴാണ് തനിക്കെതിരെ പരാതിയും ഗൂഢാലോചനയും നടത്തിയവരുടെ സിഡിആര്‍ ഉണ്ടെന്ന് കെഎം എബ്രഹാം അവകാശപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top