പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരായ ഒരു ആരോപണവും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; നിയമസഭയിലും ശശിക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്

പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ഒരു ആരോപണവും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച് ഒരു പരാതിയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

പ്രതിപക്ഷത്തു നിന്നും അന്‍വര്‍ സാദത്ത്, എം വിന്‍സെന്റ്, കെകെ രമ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ ഈ മറുപടി. ഭരണകക്ഷി എംഎല്‍എ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? പ്രസ്തുത ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടോ? അന്വേഷണം നടത്തിയില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ? ആരോപണങ്ങളില്‍ വസ്തുതാപരമല്ലെങ്കില്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്? ഇത്രയും ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഇതിനെല്ലാം നല്‍കിയിരിക്കുന്ന ഉത്തരം, ഇത്തരം ഒരു പരാതി സര്‍ക്കാരില്‍ ലഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു.

പി ശശിക്കെതിരെ കടുത്ത ആരോപണങ്ങളാണ് പിവി അന്‍വര്‍ ഉന്നയിച്ചത്. സ്വര്‍ണ്ണക്കടത്തില്‍ പങ്കുപറ്റുന്നു, വ്യവസായികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ഇടനില നിന്ന് പണം തട്ടുന്നു, മുഖ്യമന്ത്രിയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നു, മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന സ്ത്രീകളെ ഫോണില്‍ വിളിച്ച് ശ്യംഗാര ഭാവത്തില്‍ സംസാരിച്ച് ശല്യം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഇക്കാര്യങ്ങള്‍ പരാതി ആയി എഴുതി നല്‍കുകയും ചെയ്തു. ഈ പരാതി അന്‍വര്‍ പുറത്തുവിടുകയും ചെയ്തു. ഇതിനെതിരെ ശശി അന്‍വറിന് വക്കീല്‍ നോട്ടീസ് അയക്കുയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top