“എന്തിനും ഒരതിര് വേണം”; ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിനും ഒരതിര് വേണമെന്ന് നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത ഗവർണറുടെ നടപടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിമർശിച്ചു. എല്ലാ അതിരുകളും ലംഘിക്കുന്ന അവസ്ഥയാണുള്ളത്. ഭൂ പതിവ് ഭേദഗതി അടക്കം ബില്ലുകൾ നിയമസഭയിൽ പാസായെങ്കിലും ഒപ്പിടാൻ ഗവർണർ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമഭേദഗതി ഒപ്പിടാത്ത ഗവർണർ താമസിക്കുന്ന രാജ്ഭവനിലേക്ക് കർഷകരുടെ സംഘടിതമായ മാർച്ച് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഏജൻസികളെയും മുഖ്യമന്ത്രി ഇന്ന് വിമർശിച്ചു. കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറന്നെങ്കിലും ഒന്നും ചെയ്യാനായില്ല. ലൈഫ് പദ്ധതിക്കെതിരെ ദുഷ്ടമനസുള്ളവർ കുപ്രചാരണങ്ങൾ നടത്തി. എന്നാൽ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയി. ലൈഫിനെതിരെ വ്യാജ പരാതിയുമായി പലരും രംഗത്തുവന്നു. പദ്ധതിക്ക് തുരങ്കംവെക്കാനാണ് അവർ ശ്രമിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പദ്ധതിക്കെതിരെ പ്രചരണം നടത്തിയവർ ജാള്യതയോടെ നിൽക്കുകയാണ്. വീടുകൾ ഇല്ലാത്തവർക്ക് ഇനിയും വീട് നൽകാനാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോട്ടയം കൂട്ടിക്കലിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇടത് മുന്നണിയുടെ തുടർഭരണമാണ് നാല് ലക്ഷത്തിൽപരം വീടുകൾ യാഥാർഥ്യമാകാൻ കാരണം. ക്ഷേമ പെൻഷൻ 600 രൂപ നൽകിയവർ രണ്ട് വർഷം കുടിശിക വരുത്തി. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ കുടിശ്ശിക തീർത്തു. ഇപ്പോൾ 1600 രൂപയാണ് പെൻഷൻ. യുഡിഎഫ് ആയിരുന്നെങ്കിൽ പെൻഷൻ കുടിശ്ശിക അനന്തമായി നീളുമായിരുന്നു. ദേശീയപാത, ഗെയിൽ പൈപ്പ്‌ലൈൻ, ഇടമൺ-കൊച്ചി ലൈൻ എന്നിവ യാഥാർഥ്യമായത് ഇടത് സർക്കാരിന്റെ നിശ്ചയദാർഢ്യം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top