ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പറയാതെ പിണറായി; നന്ദി പറഞ്ഞ് അദാനി; ഓര്‍ക്കണമെന്ന് കുറിപ്പിട്ട് സ്പീക്കര്‍
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രാഷ്ട്രീയ ക്രെഡിറ്റ് ആര്‍ക്ക്. ഇന്ന് തുറമുഖത്ത് എത്തിയ മദര്‍ഷിപ്പിന് സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക സ്വീകരണത്തിന് പിന്നാലെ ഈ വിവാദം വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ഇടതു സര്‍ക്കാരിന്റെ വികസന കുതിപ്പെന്ന് പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ വിഴിഞ്ഞത്തില്‍ അവകാശവാദം ഉന്നയിക്കുന്നത്. പദ്ധതിയിലെ തടസ്സങ്ങള്‍ നീക്കാന്‍ ഇടപെടല്‍ നടത്തിയെന്നാണ് ഇടതു സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
തുറമുഖത്തിന് തറക്കല്ലിട്ടത് മുന്‍മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയായിരുന്നു. 2015 ഡിസംബറിലായിരുന്നു ഇത്. ഇന്ന് വിഴഞ്ഞത്ത് നടന്ന ചടങ്ങില്‍ 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറമുഖത്തിനായി നടത്തിയ ശ്രമങ്ങള്‍ മുതല്‍ ഓരോ ഘട്ടങ്ങളും എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പറഞ്ഞില്ല. 2007ല്‍ അന്നത്തെ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് പദ്ധതിക്ക് അനുമതി നിഷേധിച്ചത് മുഖ്യമന്ത്രി പരാമര്‍ശിക്കുകയും ചെയ്തു. നേരത്തെ തുറമുഖ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കടന്നപ്പളളി രാമചന്ദ്രനേയും, അഹമ്മദ് ദേവര്‍ കോവിലിനേയും അഭിനന്ദിക്കുകയും ചെയ്തു. എന്നിട്ടും തറക്കല്ലിട്ട കാര്യം മാത്രം ഒഴിവാക്കി. കൂടാതെ അന്ന് നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ന്യായീകരണവും നടത്തി. അഴിമതിക്കുള്ള വഴിയായോ ചൂഷണത്തിനുള്ള ഉപാധിയായോ പദ്ധതിയെ ആരും മാറ്റരുത് എന്നതിനായിരുന്നു അന്നത്തെ എതിര്‍പ്പുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച കരണ്‍ അദാനി ഉമ്മന്‍ചാണ്ടിക്ക് പ്രത്യേക നന്ദി പറഞ്ഞു. സ്ഥലം എംഎല്‍എയായ എം വിന്‍സെന്റും ഉമ്മന്‍ചാണ്ടി തുറമുഖത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിച്ചു. ഒപ്പം പ്രതിപക്ഷ നേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിനെ വിമര്‍ശിക്കുകയും ചെയ്തു.
പരിപാടിയില്‍ പങ്കെടുത്ത സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഷെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഉമ്മന്‍ചാണ്ടിയെ പ്രശംസിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ലെന്നാണ് സ്പീക്കര്‍ കുറിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here