കമ്പനി എകെജി സെൻ്റർ വിലാസത്തില്‍; നല്‍കാത്ത സേവനത്തിന് കോടികള്‍; മകളുടെ കമ്പനിയ്‌ക്കെതിരായ അന്വേഷണം തുടരുന്നത് മുഖ്യമന്ത്രിക്കും കുരുക്ക് തന്നെ

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയുടെ കമ്പനി പണം വാങ്ങിയെന്ന കണ്ടെത്തലില്‍ അന്വേഷണം തുടരാമെന്ന കര്‍ണ്ണാടക ഹൈക്കോടതി വിധി സിപിഎമ്മിന് കനത്ത തിരിച്ചടിയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിക്കലെത്തിനിൽക്കെ ജനങ്ങൾക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഏറെ വിയര്‍ക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വേട്ട, രണ്ട് കമ്പനികള്‍ തമ്മിലുളള രേഖാമൂലമുള്ള ഇടപാടുകള്‍ തുടങ്ങിയ വിശദീകരണങ്ങള്‍ കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയെങ്കിലും അന്വേഷണം തുടരാമെന്ന തീരുമാനം കോടതിയിൽ നിന്നാണെന്നിരിക്കെ, പ്രതിരോധം മുൻപത്തേത് പോലെ എളുപ്പമാകില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ വെല്ലുവിളി

ലോകസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം നേട്ടം പ്രതീക്ഷിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞ തവണ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷേഭങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 19 സീറ്റിലും പരാജയപ്പെടുകയായിരുന്നു ഇടതുമുന്നണി. എന്നാല്‍ ഇത്തവണ ശക്തമായ ഭരണവിരുദ്ധ വികാരത്തിനൊപ്പം, മുഖ്യമന്ത്രിയുടെ കുടംബത്തിനെതിരായി ഉയരുന്ന ആരോപണങ്ങളും പ്രതിരോധിക്കേണ്ട സ്ഥിതിയിലാണ് മുന്നണി. തുടര്‍ഭരണത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ക്ഷേമപെന്‍ഷന്‍ തന്നെ സര്‍ക്കാരിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം നല്‍കാനാകാതെ 5 മാസത്തെ പെന്‍ഷനാണ് കുടിശികയായായിട്ടുള്ളത്. ഇതോടൊപ്പമാണ് ഈ മാസപ്പടി വിവാദവും.

മാസപ്പടി വിവാദം

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലുള്ള 1.72 കോടിയുടെ ഇടപാടില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന ആദായനികുതി വകുപ്പിന്റെ പരാതി പരിഹാര ബോര്‍ഡിന്റെ കണ്ടെത്തലോടെയാണ് വിവാദം ഉയര്‍ന്നത്. ഇരുകമ്പനികള്‍ തമ്മില്‍ കരാറില്‍ പറഞ്ഞ പ്രകാരം ഒരു സേവനവും എക്‌സാലോജിക് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. എക്‌സാലോജികിന്റെ ഭാഗം കേള്‍ക്കാതെയാണ് ഈ റിപ്പോര്‍ട്ട് എന്നായിരുന്നു അന്ന് മുഖ്യമന്ത്രിയും സിപിഎമ്മും നല്‍കിയ വിശദീകരണം. എന്നാല്‍ ഇതേ വിഷയത്തില്‍ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചതോടെ ഈ വാദം നിലനില്‍ക്കാതെയായി. നിരന്തരം ആവശ്യപ്പെട്ടിട്ടും ആവശ്യമായ രേഖകള്‍ വീണയുടെ കമ്പനി നല്‍കിയില്ല എന്നായിരുന്നു റജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണം പ്രഖ്യാപിച്ചത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിലും, അവരുമായി ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയിലും എസ്എഫ്‌ഐഒ പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു. പിന്നാലെ എക്‌സാലോജിക്കിന്റെ ഡയറക്ടറെന്ന നിലയില്‍ വീണയെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കുമെന്ന ഘട്ടമെത്തിയപ്പോഴാണ് കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

വിലാസം എകെജി സെന്റര്‍.

വീണ വിജയന്റെ എക്സാലോജിക്ക് കമ്പനി ആസ്ഥാനം ബെംഗളൂരുവില്‍ ആയിരുന്നെങ്കിലും റജിസ്ട്രേഷൻ എകെജി സെന്ററിന്റെ അഡ്രസ് ഉപയോഗിച്ചാണ്. 2014ല്‍ കമ്പനി ആരംഭിക്കുന്ന സമയത്ത് പിണറായി വിജയനും കുടുംബവും താമസിച്ചിരുന്നത് എകെജി സെന്ററിനടുത്ത് പാര്‍ട്ടിയുടെ ഫ്‌ളാറ്റിലായിരുന്നു. ഈ ഫ്‌ളാറ്റിന്റെ വിലാസം ഉപയോഗിക്കാതെ, പാര്‍ട്ടി ആസ്ഥാനത്തിന്റെ വിലാസമാണ് വീണ ഉപയോഗിച്ചത്. ഇത് സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. വിലാസം എകെജി സെന്റര്‍ ആയതു കൊണ്ട് തന്നെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യലിനടക്കം അയക്കുന്ന നോട്ടീസികള്‍ ഇവിടേക്ക് എത്തുമെന്ന ആശങ്ക എല്ലാ കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു. സിപിഎം ബന്ധങ്ങള്‍ ഐടി വ്യവസായത്തില്‍ പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിലാസം ഉപയോഗിച്ചത് എന്നതാണ് ഉയരുന്ന ആരോപണം. വലിയ നഷ്ടത്തിലായിരുന്ന കമ്പനി പിണറായി മുഖ്യമന്ത്രിയായതോടെ വലിയ ലാഭത്തിലേക്ക് എത്തുകയായിരുന്നു. സ്വകാര്യ മേഖലയിലെ ഖനനം തടയാൻ 2019ൽ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും ഇക്കഴിഞ്ഞ ഡിസംബർ 18ന് മാത്രമാണ് സിഎംആർഎല്ലിൻ്റെ ഖനനാനുമതി സംസ്ഥാന സർക്കാർ റദ്ദാക്കിയത്. ഇതിനെ വീണക്ക് കിട്ടിയ മാസപ്പടിയുമായി നേരിട്ട് ബന്ധപ്പെടുത്തിയാണ് ഇപ്പോഴത്തെ പ്രതിപക്ഷാരോപണം.

പതിവില്ലാത്ത പിന്തുണ

പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കെതിരെ ആരോപണമുണ്ടാകുമ്പോള്‍ അതില്‍ നിന്നും അകലം പാലിക്കുകയാണ് സിപിഎം രീതി. സംസ്ഥാന സെക്രട്ടറിയായിരുന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ലഹരിമരുന്ന് ആരോപണം ഉണ്ടായപ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി. എന്നാല്‍ പിണറായിയുടെ മകളുടെ കാര്യത്തില്‍ എല്ലാം മാറി. സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം വീണയ്ക്ക് വേണ്ടി വാദിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാ മണ്ഡലതല ശില്പശാലയില്‍ അവതരിപ്പിക്കാനായി പുറത്തിറക്കിയ പ്രത്യേക രേഖയില്‍ പോലും ഈ വിവാദത്തെ ന്യായീകരിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ എങ്ങനെ പ്രതിരോധിക്കാമെന്ന കാര്യമാണ് വിശദീകരിക്കുന്നത്.

മുഖ്യമന്ത്രിക്ക് വലിയ വെല്ലുവിളി

നിലവില്‍ സിപിഎമ്മില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും അവസാന വാക്കായി നില്‍ക്കുന്ന പിണറായി വിജയന് മകള്‍ക്കെതിരായ അന്വേഷണവും തുടര്‍ നടപടികളും വെല്ലുവിളിയാകും. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ അസ്വാരസ്യങ്ങളുണ്ടെങ്കിലും നിലവില്‍ അത് പുറത്തുപറയാന്‍ ആരും ധൈര്യം കാണിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ കേന്ദ്രഏജന്‍സികളുടെ കടുത്ത നടപടിയുണ്ടായാല്‍ ഈ വിഷയം തീര്‍ച്ചയായും ഉയരും. മുഖ്യമന്ത്രിയെന്ന തന്റെ സ്ഥാനം ഉപയോഗിച്ച് മകള്‍ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് കണ്ടെത്തിയാല്‍ അത് അഴിമതിയുടെ ഗണത്തില്‍ തന്നെ പെടുകയും ചെയ്യും. ഇങ്ങനെ നിരവധി വെല്ലുവിളികളാണ് മുഖ്യമന്ത്രിക്ക് മുന്നിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top